ഫോര്‍മുല വണ്‍; അവസാന ഘട്ടത്തില്‍ മാക്‌സ് വെസ്റ്റപ്പന് വഴിതെറ്റുന്നു, വാവിട്ട വാക്കും തിരിച്ചടിയായി

#സി. സജിത്‌
മാക്‌സ് വെസ്റ്റപ്പന്‍, ലാന്‍ഡോ നോറിസ്, ലൂയി ഹാമില്‍ട്ടണ്‍
മാക്‌സ് വെസ്റ്റപ്പന്‍, ലാന്‍ഡോ നോറിസ്, ലൂയി ഹാമില്‍ട്ടണ്‍

ഫോർമുല വൺ കാറോട്ടമത്സരം അവസാനലാപ്പുകളിലേക്കെത്തുമ്പോൾ മുൻപെങ്ങുമില്ലാത്തവിധം സംഭവബഹുലമാവുകയാണ്. ചരിത്രത്തിലില്ലാത്തവിധം വിവാദങ്ങളും സസ്‌പെൻസുമാണ് സീസണിന്റെ അവസാനം കാണുന്നത്. നിലവിലെ ചാമ്പ്യൻ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പൻ തന്നെയാണ് ചർച്ചകളുടെ ശ്രദ്ധാകേന്ദ്രം. തുടർച്ചയായ വിജയങ്ങളോടെ സീസൺ ആരംഭിച്ച വെസ്റ്റപ്പന് അവസാനഘട്ടത്തിൽ എല്ലാം പിഴയ്ക്കുന്നു. ഒപ്പം വാവിട്ടവാക്കുകളും താരത്തിന് തിരിച്ചടിയായി. പത്രസമ്മേളനത്തിനിടെ വെസ്റ്റപ്പന്റെ വാവിട്ടവാക്കുകൾ വലിയ ചർച്ചയാവുകയും അദ്ദേഹത്തിനെതിരേ അസോസിയേഷൻ നടപടിയെടുക്കുകയും ചെയ്തു. ഒരു ദിവസത്തെ സാമൂഹികസേവനമായിരുന്നു ശിക്ഷ. അതിനെതിരേയും വെസ്റ്റപ്പൻ ശബ്ദമുയർത്തി.

മത്സരത്തിൽനിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു ഭീഷണി. ഒരുഭാഗത്ത് ഫെഡറേഷനും മറുഭാഗത്ത് വെസ്റ്റപ്പനൊപ്പം ഡ്രൈവർമാരും അണിനിരന്നതോടെ വേഗപ്പോര് വിവാദങ്ങളാൽ കലുഷിതമായി.

വെസ്റ്റപ്പന്റെ വരവ്

26 വയസ്സുള്ള ഡച്ചുകാരൻ ഫോർമുല വൺ മത്സരത്തിന്റെ ആവേശമായത് കുറഞ്ഞകാലംകൊണ്ടാണ്. കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി കിരീടംനേടി ഭാവിയിലെ താരം എന്ന് അറിയപ്പെട്ട വെസ്റ്റപ്പൻ ഈ സീസണിന്റെ തുടക്കത്തിലും കുതിച്ചു. ആദ്യ ഏഴുമത്സരങ്ങളിൽ ജയിച്ച് പോയിന്റുനിലയിൽ ഏറെ മുന്നിലായിരുന്നു. എന്നാൽ, പത്താം മത്സരമായ സ്പാനിഷ് ഗ്രാൻപ്രീക്കുശേഷം ഒരൊറ്റ മത്സരവും ജയിക്കാനായില്ല. ഓസ്ട്രിയൻ ഗ്രാൻപ്രീയിലാണ് അവസാനമായി പോൾപൊസിഷനിലെത്തിയത്. സീസണിൽ ആറു ഗ്രാൻപ്രീകൾകൂടി ബാക്കിയുണ്ട്.

ഇപ്പോൾ മാക്‌ലാറൻ മെഴ്‌സിഡസിന്റെ ലാൻഡോ നോറിസ് 52 പോയിന്റ് വ്യത്യാസത്തിൽ വെസ്റ്റപ്പന് തൊട്ടുപിന്നിലുണ്ട്. മയാമി, ഡച്ച്, സിങ്കപ്പൂർ ഗ്രാൻപ്രീകളിൽ ഒന്നാംസ്ഥാനം നേടിയ നോറിസ് സ്ഥിരതയാർന്ന പ്രകടനത്തിലൂടെ പോയിന്റുനിലയിൽ മുന്നിലെത്തി.

പ്രശ്നം കാറിനോ

ഇറ്റാലിയൻ ഗ്രാൻപ്രീ കഴിഞ്ഞയുടൻ, തന്റെ കാർ ഒന്നിനും കൊള്ളില്ലെന്ന് വെസ്റ്റപ്പൻ വിളിച്ചുപറഞ്ഞു. ‘ഓടിക്കാൻ കഴിയാത്ത ചെകുത്താൻ’ എന്ന പ്രയോഗം റെഡ്ബുള്ളിനുള്ള മുന്നറിയിപ്പായിരുന്നു. വെസ്റ്റപ്പന്റെ സഹപ്രവർത്തകനായ സെർജിയോ െപരസും അതിനെ അനുകൂലിച്ചു. ‘ബോട്ട് ഓടിക്കുന്നപോലെയാണ് ട്രാക്കിൽ തങ്ങളുടെ കാർ’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതൊന്നും ടീം മാനേജ്‌മെന്റ് ശ്രദ്ധിച്ചിട്ടില്ലെന്നും ആരോപണമുണ്ടായി.

ഹോണ്ടയുടെ എൻജിനുമായുള്ള റെഡ്ബുള്ളിന്റെ കാർ, സീസൺ തുടങ്ങുന്ന സമയത്ത് വെസ്റ്റപ്പൻ ഏറെ ആഘോഷിച്ചിരുന്നു. കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നാണ്.

മുൻപൊക്കെ സീസണിന്റെ അവസാനഘട്ടമെത്തുമ്പോൾ ജേതാവാകുമെന്ന ചിത്രം തെളിയുമായിരുന്നു. ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ആദ്യ മൂന്നു സ്ഥാനത്തുനിൽക്കുന്നവർക്കും മുന്നിലേക്കുവരാൻ അവസരമുണ്ട്. വെസ്റ്റപ്പന് വെല്ലുവിളിയായി ലാൻഡോ നോറിസും ചാൾസ് ലെക്ലർക്കും ഓക്‌സാർ പിയാസ്ട്രിയുമുണ്ട്.

ആദ്യ അഞ്ചു സ്ഥാനക്കാർ

(പേര് ടീം പോയിന്റ്)

മാക്‌സ് വെസ്റ്റപ്പൻ റെഡ്ബുൾ 331

ലാൻഡോ നോറിസ് മാക്‌ലാറൻ 279

ചൾസ് ലെക്ലർക് ഫെരാരി 245

ഓസ്‌കർ പിയാസ്ട്രി മക്‌ലാറൻ 237

കാർലോസ് സെയ്ൻസ് ജൂനിയർ ഫെരാരി 190

വെസ്തപ്പന്റെ ജൈത്രയാത്ര

ഫോർമുല വൺ ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പ് വിജയം 3 (2021, 2022, 2023).

വിജയം 61 പോൾ പൊസിഷൻ 40 പോഡിയം 109

റെക്കോഡുകൾ

ഒരു സീസണിലെ കൂടുതൽ വിജയം 19

ഒരു സീസണിൽ കൂടുതൽ പോഡിയം 21

തുടർച്ചയായ ഗ്രാൻപ്രീ വിജയം 10

Content Highlights: formula one car racing