ഫോർമുല വൺ ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ? 2028-ൽ ഗ്രാൻഡ്പ്രീ നടത്താൻ ലക്ഷ്യമിട്ട് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കേന്ദ്രം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

ന്യൂഡൽഹി: ഫോർമുല വൺ റേസിങ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. ഫോർമുല വൺ റേസിങ് തിരികെ കൊണ്ടുവരുന്നതിനും രാജ്യത്തെ മോട്ടോർ സ്‌പോർട്‌സ് മേഖലയ്ക്ക് ഉണർവ് നൽകുന്നതിനുമായി കേന്ദ്ര കായിക മന്ത്രാലയം 10 അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ വീണ്ടും എഫ് വൺ ഗ്രാൻഡ്പ്രീ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഈ സമിതി വിശദമായി പരിശോധിക്കും. മുമ്പ് 2013-ൽ റെഡ് ബുള്ളിന്റെ സെബാസ്റ്റ്യൻ വെറ്റൽ വിജയിച്ച മത്സരമാണ് ഇന്ത്യയിൽ നടന്ന അവസാന ഫോർമുല വൺ റേസ്.

നിതി ആയോഗ് പ്രോഗ്രാം ഡയറക്ടറും അഡൈ്വസറുമായ യുഗൾ കിഷോർ ജോഷിയാണ് ഈ ടാസ്‌ക് ഫോഴ്സിന്റെ അധ്യക്ഷൻ. ജോയിന്റ് സെക്രട്ടറി (സ്പോർട്സ്) കുനാലും ഈ സമിതിയിൽ അംഗമാണ്. ഇതിനു പുറമെ ടൂറിസം, കൊമേഴ്സ്, റവന്യൂ വകുപ്പുകളുടെ പ്രതിനിധികളും ഉത്തർപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. ഇന്ത്യയിലെ പ്രമുഖ മോട്ടോർ സ്‌പോർട്‌സ് സംഘടനകളായ ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യ (എഫ്എംഎസ്‌സിഐ), ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ട്, മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ട് എന്നിവയുടെ പ്രതിനിധികളും ടാസ്‌ക് ഫോഴ്സിൽ ഉൾപ്പെടുന്നു. എഫ്എംഎസ്‌സിഐ ഒരു സാങ്കേതിക വിദഗ്ദ്ധനെയും കമ്മിറ്റിയിലേക്ക് നിർദേശിക്കും.

ഇന്ത്യയിൽ മോട്ടോർ സ്‌പോർട്‌സിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് ആവശ്യമായ മാർഗങ്ങൾ നിർദേശിക്കുക, 2028-ൽ റേസ് സംഘടിപ്പിക്കാൻ പ്രാപ്തമാക്കുന്ന ഏകോപിതമായ റോഡ് മാപ്പ് തയ്യാറാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.

ഗ്രേറ്റർ നോയിഡയിലെ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ 2011 മുതൽ 2013 വരെയാണ് അവസാനമായി ഫോർമുല വൺ മത്സരങ്ങൾ നടന്നത്. എന്നാൽ ഉദ്യോഗസ്ഥതല തടസങ്ങളും നികുതി തർക്കങ്ങളും കാരണമാണ് പിന്നീട് ഇത് ഒഴിവാക്കപ്പെട്ടത്. ഈ വെല്ലുവിളികൾ പരിഹരിച്ച് 2028-ഓടെ ഫോർമുല വൺ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കാൻ സാധിക്കുമോ എന്നാണ് പുതിയ ടാസ്‌ക് ഫോഴ്സ് പരിശോധിക്കുന്നത്.

Content Highlights: Central Sports Ministry forms a 10-member task force to bring Formula 1 back to India., Goal is to organize the F1 Grand Prix in India by 2028., Task force headed by NITI Aayog program director Yugal Kishore Joshi., F1 was previously held at Buddh International Circuit, Greater Noida, from 2011 to 2013.