'വിശ്വസിക്കാനായില്ല, പത്തുമിനിറ്റ് കരഞ്ഞു'; ഗുകേഷ് ചാമ്പ്യനായതിന് പിന്നിലെ ത്യാഗങ്ങളോര്‍ത്ത് അമ്മ

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതിന് പിന്നാലെ അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും കൊടുമുടിയുടെ നെറുകയിലാണ് ഡി. ഗുകേഷ്. മകന്റെ നേട്ടത്തിന് പിന്നാലെ തലയുയര്‍ത്തി നില്‍ക്കുകയാണ് ചാമ്പ്യന്റെ മാതാപിതാക്കളായ ജെ. പത്മകുമാരിയും രജനികാന്തും. ഇ.എന്‍.ടി. സര്‍ജനായ രജിനികാന്ത്, ഗുകേഷിനെ ടൂര്‍ണമെന്റുകളില്‍ അനുഗമിക്കുന്നതിനായി സ്വന്തം ജോലിയുപേക്ഷിച്ചിരുന്നു. മൈക്രോ ബയോളജിസ്റ്റായ പത്മകുമാരിയായിരുന്നു ആ കുടുംബത്തിന്റെ പിന്നീടുള്ള വരുമാനസ്രോതസ്സ്.
വ്യാഴാഴ്ചയായിരുന്നു ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം. അന്ന് ഫോണോ കമ്പ്യൂട്ടറോ തുറക്കാനുള്ള മാനസികാവസ്ഥ ഗുകേഷിന്റെ അമ്മ പത്മകുമാരിക്കുണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് ഏഴുമണിയോടെ ഗുകേഷിന്റെ ആന്റി, ആ വലിയ സന്തോഷവാര്‍ത്തയുമായി വീട്ടിലേക്ക് എത്തുകയായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, പത്തുമിനിറ്റ് ഞാന്‍ കരഞ്ഞു, പത്മകുമാരി പറഞ്ഞു.
ഗുകേഷിന്റെ കരിയറിന് വേണ്ടി തങ്ങളുടെ കുടുംബം ചെയ്ത ത്യാഗങ്ങളെ കുറിച്ചും പത്മകുമാരി കൂട്ടിച്ചേര്‍ത്തു. ശരിക്കും ഏറെ സന്തോഷമുള്ള നിമിഷമാണ് ഇത്. മാത്രമല്ല, ഞങ്ങള്‍ ചെയ്ത എല്ലാ ത്യാഗങ്ങളും ഓര്‍മിക്കാനുള്ള നിമിഷം കൂടിയാണിത്, പ്രത്യേകിച്ച് ഗുകേഷിന്റെ പിതാവിന്റെ-അവര്‍ കൂട്ടിച്ചേര്‍ത്തു. കുടുംബാഗങ്ങളും സുഹൃത്തുക്കളുമെല്ലാം സഹായിച്ചിരുന്നെന്നും അവര്‍ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നുവെന്നും പത്മകുമാരി പറഞ്ഞു.
തന്റെ ചെസ് കരിയറിന്റെ ആദ്യകാലത്ത് മാതാപിതാക്കള്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് നേരത്തെ ഗുകേഷും പറഞ്ഞിരുന്നു. 2017-നും 2018-നും ഇടയില്‍ ഒരുസമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെന്നും അന്ന് മാതാപിതാക്കളുടെ സുഹൃത്തുക്കളാണ് തന്നെ സ്‌പോണ്‍സര്‍ ചെയ്തതെന്നും ഗുകേഷ് വ്യക്തമാക്കിയിരുന്നു.
ഗുകേഷ്, ചെറുപ്പം മുതല്‍ക്കേ കഠിനാധ്വാനം ചെയ്തിരുന്നെന്നും വിജയത്തില്‍ അതീവ സന്തോഷമുണ്ടെന്നും പത്മകുമാരി പറഞ്ഞു. അച്ചടക്കമുള്ള കുഞ്ഞായിരുന്നു ഗുകേഷ് എന്നും ചെസിന് വേണ്ടി അവന്‍ നിരവധി ത്യാഗങ്ങള്‍ നടത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: cried for 10 minutes says d gukesh mother