കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ, മത്സരിക്കുന്നത് 13 ഇനങ്ങളിൽ

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാവുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യയും. 13 ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. ബർമിങ്ങാമിലെ 2022 ഗെയിംസിൽ 22 സ്വർണം ഉൾപ്പെടെ 61 മെഡലുമായി ഇന്ത്യ നാലാമതായിരുന്നു. അത്ലറ്റിക്സ്, ബോക്സിങ്, ഭാരോദ്വഹനം എന്നിവയിലാണ് ഇന്ത്യയുടെ മുഖ്യ മെഡൽ പ്രതീക്ഷകൾ.
ചാടിക്കടക്കാൻ ശ്രീശങ്കറും കുശാരെയും
അത്ലറ്റിക്സിൽ മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിൽ ഇന്ത്യ ഒരു മെഡൽ സ്വപ്നം കാണുന്നു. കാലിലെ പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ ശ്രീശങ്കർ മികച്ച ഫോമിലാണ്. ഇന്റർ സ്റ്റേറ്റ് മീറ്റിൽ 8.38 മീറ്റർ ചാടി കരുത്തുതെളിയിച്ചു. 8.41 മീറ്ററാണ് താരത്തിന്റെ മികച്ചദൂരം.
ചരിത്രംകുറിച്ച് ഡയമണ്ട് മീറ്റ് അത്ലറ്റിക്സിൽ മൂന്നാംസ്ഥാനം നേടിയ ഹൈജംപ് താരം സർവേശ് കുശാരെ വിസ്മയമായേക്കാം. സീസണിൽ 2.31 മീറ്റർ മറികടന്ന് കുശാരെ ദേശീയ റെക്കോഡ് ഭേദിച്ചിരുന്നു. മൊണാക്കൊ ഡയമണ്ട് ലീഗിൽ 2.26 മീറ്ററിലാണ് മൂന്നാമതെത്തിയത്. 2.30 എന്ന കടമ്പ താണ്ടിയ ആദ്യ ഇന്ത്യൻതാരമായ കുശാരെ ഫോം തുടർന്നാൽ മെഡൽപട്ടികയിൽ സ്ഥാനം നേടും.
ജാവലിൻ ത്രോയിൽ മുൻ ലോക ചാമ്പ്യനും ഒളിമ്പിക് സ്വർണജേതാവുമായ നീരജ് ചോപ്രയും കളത്തിലുണ്ട്. എന്നാൽ, മെഡലിനായി നീരജ് കടുത്തപോരാട്ടം നേരിടേണ്ടിവരും. സീസണിൽ 92.62 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ രുമേഷ് തരംഗ 2018-ലെ ജേതാവായ നീരജിന് വലിയവെല്ലുവിളി ഉയർത്തുന്നു. സീസണിൽ 87.05 മീറ്റർ കണ്ടെത്തിയ രോഹിത് യാദവും ഇന്ത്യക്കായി ഇറങ്ങും.
ഇടിച്ചിടാൻ ജാസ്മിനും സംഘവും
ബോക്സിങ്ങിൽ പുരുഷ, വനിതാ താരങ്ങൾ മെഡൽ ലക്ഷ്യമിട്ട് റിങ്ങിലിറങ്ങും. വനിതകളിൽ 57 കിലോ വിഭാഗത്തിൽ ലോകചാമ്പ്യനായ ജാസ്മിൻ ലംബോറിയയിലാണ് ഇന്ത്യയുടെ ഉറച്ച സുവർണ പ്രതീക്ഷ. ഒളിമ്പിക് വെങ്കലമെഡൽ ജേതാവായ ലൗലിന ബൊർഗൊഹിൻ 75 കിലോ വിഭാഗത്തിൽ മത്സരിക്കും. പുരുഷവിഭാഗത്തിൽ ബോക്സിങ് വേൾഡ് കപ്പിൽ 60 കിലോവിഭാഗത്തിൽ സ്വർണം നേടിയ സച്ചിൻ സിവാച് മറ്റൊരു പ്രതീക്ഷയാണ്.
ഹാട്രിക് നോട്ടമിട്ട് ചാനു
ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു ഒരിക്കൽക്കൂടി ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരം താങ്ങും. ഹാട്രിക് സ്വർണമാണ് 48 കിലോ വിഭാഗത്തിൽ ചാനു ലക്ഷ്യം വെക്കുന്നത്. പുതുതലമുറയിലെ ബിന്ദ്യാറാണി ദേവി (58), നിരുപമാ ദേവി (63), ജ്ഞാനേശ്വരി യാദവ് (53) എന്നിവരും കടുത്തപോരാട്ടത്തിന് തായ്യാറായിക്കഴിഞ്ഞു. മെഡൽ പ്രതീക്ഷയുള്ള ബാഡ്മിന്റൺ, ട്വന്റി-20 ക്രിക്കറ്റ്, ഹോക്കി, ടേബിൾ ടെന്നീസ്, ഗുസ്തി എന്നിവ ഒഴിവാക്കിയത് ഇന്ത്യക്ക് വൻ തിരിച്ചടിയാണ്. ഇത്തവണ 17 ഇനങ്ങളിലാണ് മത്സരം. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ഓസ്ട്രേലിയൻ നഗരങ്ങളായ വിക്ടോറിയയും ഗോൾഡ് കോസ്റ്റും സാമ്പത്തിക കാരണങ്ങളാൽ പിൻമാറിയിരുന്നു. തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടിവന്നതിനാലാണ് മത്സരയിനങ്ങൾ കുറച്ചത്.
മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ- എം ശ്രീശങ്കർ
പാലക്കാട്: മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ലോങ്ജംപ് താരം എം. ശ്രീശങ്കർ. കോമൺവെൽത്ത് ഗെയിംസിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചു സംസാരിക്കുകയായിരുന്നു ശ്രീശങ്കർ.
കോമൺവെൽത്ത് ഗെയിംസിലോ ഏഷ്യൻ ഗെയിംസിലോ ഉണ്ടാവുമോ എന്നറിയില്ല. വിവിധകാര്യങ്ങൾ ഒത്തുവന്നാൽ ആ ദൂരം വൈകാതെയുണ്ടാവും.
ലോങ്ജംപ് എന്നത് ആറു സെക്കൻഡിനുള്ളിൽ തീരുന്ന സംഗതിയാണ്. ഏതെങ്കിലുമൊരു ദൂരം കണ്ടുകൊണ്ടല്ല മത്സരിക്കാനിറങ്ങാറുള്ളതെന്നും ശ്രീശങ്കർ പറഞ്ഞു.
ഒഡിഷയിലെ ഭുവനേശ്വറിൽ അടുത്തിടെനടന്ന ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കർ 8.38 ചാടി സ്വർണം നേടിയിരുന്നു. മേയിൽ റാഞ്ചിയിൽനടന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലും സ്വർണം നേടി. പരിക്കിൽനിന്നു മോചിതനായി 2024-ലാണ് ശ്രീശങ്കർ തിരിച്ചെത്തിയത്. പരിക്കിനു മുൻപുള്ളതിനേക്കാളും ഇപ്പോൾ തന്റെ വേഗം, ചാട്ടം എന്നിവ കൂടിയിട്ടുണ്ടെന്നും ശ്രീശങ്കർ പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസിനുള്ള പരിശീലനം നന്നായി പുരോഗമിക്കുന്നു. കഴിഞ്ഞതവണ വെള്ളി നേടാൻ കഴിഞ്ഞു. രണ്ടാംതവണയാണ് കോമൺവെൽത്ത് ഗെയിംസിനു പോകുന്നത്. നല്ല മത്സരം പ്രതീക്ഷിക്കുന്നു. ജമൈക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങൾ മത്സരത്തിനുണ്ടാകും. ഇക്കുറി ഇന്ത്യക്ക് ലോങ്ജംപിൽ രണ്ടു മെഡൽ നേടാനാവുമെന്നാണു പ്രതീക്ഷ -ശ്രീശങ്കർ പറഞ്ഞു.
Content Highlights: 126 Indian athletes competing across 13 disciplines in Glasgow 2026., Major medal hopes pinned on Athletics, Boxing, and Weightlifting., M. Sreeshankar and Sarvesh Kushare lead the athletics charge., Neeraj Chopra faces stiff competition in Javelin Throw., Mirabai Chanu aims for a hat-trick of gold medals in weightlifting.