യൂത്ത് നാഷണൽ ബാസ്കറ്റ്ബോളിൽ മഹാരാഷ്ട്രയെ തകർത്തു, കേരളത്തിന് വെങ്കലം

പുണെ: 41-ാമത് യൂത്ത് നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെങ്കല മെഡൽ തിളക്കം. ലൂസേഴ്സ് ഫൈനലിൽ ശക്തരായ മഹാരാഷ്ട്രയെ 74-42 എന്ന സ്കോറിനാണ് കേരളം തകർത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മഹാരാഷ്ട്ര കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അവസാന ക്വാർട്ടറിൽ 30-4 എന്ന സ്കോറിന് കേരളം നടത്തിയ അവിശ്വസനീയമായ കുതിപ്പാണ് കളി ഏകപക്ഷീയമായ വെങ്കല വിജയത്തിലേക്ക് എത്തിച്ചത്.
ആദ്യ ക്വാർട്ടറിൽ 17-14 ന് മഹാരാഷ്ട്രയായിരുന്നു മുന്നിൽ. എന്നാൽ രണ്ടാം ക്വാർട്ടറിൽ ശക്തമായി തിരിച്ചടിച്ച കേരളം 15-12 ന് ലീഡ് പിടിച്ചതോടെ ഹാഫ് ടൈമിൽ ഇരുടീമുകളും 29-29 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായി. മൂന്നാം ക്വാർട്ടറിലും പ്രതിരോധം ശക്തമാക്കിയ കേരളം 44-38 ന് ലീഡ് എടുത്തു. എന്നാൽ അവസാന ക്വാർട്ടറിലായിരുന്നു കേരളത്തിന്റെ യഥാർത്ഥ വിശ്വരൂപം കണ്ടത്. മഹാരാഷ്ട്രയുടെ സ്കോറിംഗ് വെറും 4 പോയിന്റിലൊതുക്കി 30 പോയിന്റുകൾ വാരിക്കൂട്ടിയ കേരളം 32 പോയിന്റിന്റെ കൂറ്റൻ വിജയത്തോടെ വെങ്കല മെഡൽ സ്വന്തമാക്കി.
കേരളത്തിനായി 16 പോയിന്റും 8 റീബൗണ്ടുകളും നേടി ആമി അന്ന ജോൺസൺ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചപ്പോൾ, 12 പോയിന്റും 14 റീബൗണ്ടുകളുമായി അന്ന മറിയം റതീഷ് മികച്ച ഡബിൾ-ഡബിൾ പ്രകടനം പുറത്തെടുത്തു. മാളവിക വി, ത്രീത പ്രവീൺ എന്നിവർ 11 പോയിന്റ് വീതം നേടി. മഹാരാഷ്ട്രയ്ക്ക് വേണ്ടി തനിരിക ചക്രവർത്തി (8 പോയിന്റ്, 11 റീബൗണ്ട്), സിയ ഭോസ്ലെ (8 പോയിന്റ്), അനുഷ സൊന്താക്കെ (8 പോയിന്റ്), തൻവി ജാദവ് (8 പോയിന്റ്) എന്നിവർ പൊരുതിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
സ്കോർ
കേരളം: 74 (ആമി അന്ന ജോൺസൺ 16, അന്ന മറിയം റതീഷ് 12, മാളവിക വി 11, ത്രീത പ്രവീൺ 11) യൂത്ത് മഹാരാഷ്ട്ര: 42 (തനിരിക ചക്രവർത്തി 8, സിയ ഭോസ്ലെ 8, അനുഷ സൊന്താക്കെ 8, തൻവി ജാദവ് 8).
ക്വാർട്ടർ സ്കോറുകൾ (മഹാരാഷ്ട്ര - കേരളം): 17-14, 12-15, 9-15, 4-30.
Content Highlights: basketball