അസർബൈജാൻ ഗ്രാൻഡ് പ്രീ; ജോർജ് റസ്സലിന് പോൾ പൊസിഷൻ, ആന്റൊനെല്ലിക്ക് തിരിച്ചടി

ബാക്കു: അസർബൈജാൻ ഗ്രാൻഡ് പ്രീ യോഗ്യതാ മത്സരത്തിൽ മിന്നുന്ന പ്രകടനത്തോടെ മെഴ്സിഡസിന്റെ ജോർജ് റസ്സൽ പോൾ പൊസിഷൻ സ്വന്തമാക്കി. പ്രയാസമേറിയ ബാക്കു സിറ്റി സർക്യൂട്ടിൽ 1 മിനിറ്റ് 42.526 സെക്കൻഡ് എന്ന മികച്ച ലാപ് സമയം കുറിച്ചാണ് റസ്സൽ ഒന്നാമതെത്തിയത്. ജൂണിൽ നടന്ന ഓസ്ട്രിയൻ ഗ്രാൻഡ് പ്രീക്ക് ശേഷമുള്ള റസ്സലിന്റെ ആദ്യ പോൾ പൊസിഷനാണിത്. കരിയറിലെ 12-ാമത്തേതും.
ഫെരാരിയുടെ ചാൾസ് ലെക്ലെയറിനെ 0.837 സെക്കൻഡിന്റെ വ്യത്യാസത്തിൽ മറികടന്നാണ് റസ്സൽ പോൾ പൊസിഷൻ ഉറപ്പിച്ചത്. 2003 കനേഡിയൻ ഗ്രാൻഡ് പ്രീക്ക് ശേഷം യോഗ്യതാ ഘട്ടത്തിൽ ഒരു ഡ്രൈവർ നേടുന്ന ഏറ്റവും വലിയ സമയ വ്യത്യാസമാണിത്. തന്റെ എഫ്2, എഫ്3 കരിയറുകൾ ഉൾപ്പെടെ കരിയറിലെ തന്നെ ഏറ്റവും വലിയ മാർജിനാണിതെന്ന് റസ്സൽ വ്യക്തമാക്കി. ഐസാക് ഹാജറിൽ നിന്ന് ലഭിച്ച സ്ലിപ്‌സ്ട്രീം തനിക്ക് കൂടുതൽ സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ റസ്സലിന്റെ ടീമംഗവും ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് ലീഡറുമായ 20 വയസുകാരൻ കിമി ആന്റൊനെല്ലി ക്വാളിഫയിങ് 1-ൽ കാർ, ടേൺ വണ്ണിലെ മതിലിലിടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തെത്തുടർന്ന് സെഷൻ പൂർത്തിയാക്കാൻ സാധിക്കാത്ത ആന്റൊനെല്ലി 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മക്‌ലാരന്റെ ഓസ്‌കർ പിയാസ്ട്രി മൂന്നാം സ്ഥാനത്തും റെഡ് ബുളിന്റെ ഐസാക് ഹാജർ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ലോക ചാമ്പ്യൻ ലാൻഡോ നോറിസ് അഞ്ചാമതും ഏഴ് തവണ ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ ആറാമതും പിയറി ഗാസ്ലി ഏഴാമതും എത്തി. നാല് തവണ ചാമ്പ്യനായ മാക്‌സ് വെസ്റ്റാപ്പൻ എട്ടാം സ്ഥാനത്തും കാർലോസ് സൈൻസ് ഒൻപതാം സ്ഥാനത്തും ഫ്രാങ്കോ കൊളപിന്റോ പത്താം സ്ഥാനത്തുമാണ് എത്തിയത്.
Content Highlights: George Russell secured pole position at the Baku City Circuit with a lap time of 1:42.526., Charles Leclerc finished second, trailing Russell by 0.837 seconds., Kimi Antonelli crashed in Q1 and dropped to 16th place., Oscar Piastri and Isack Hadjar finished third and fourth respectively.