ഇത്തവണ ആര് കിരീടം നേടിയാലും അത് ചരിത്രം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ വെള്ളിയാഴ്ച കളിക്കാനിറങ്ങുന്ന നാലുപേരും അപൂര്‍വ റെക്കോഡ് ലക്ഷ്യമിട്ടാണ് മുന്നേറുന്നത്. രണ്ടുജയങ്ങള്‍ക്കപ്പുറം നാലുപേരെയും റെക്കോഡ് കാത്തിരിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആദ്യ സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നഡാല്‍ ഇറ്റലിയുടെ മരിയോ ബരേറ്റിനിയെ നേരിടുമ്പോള്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക് റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസുമായി ഏറ്റുമുട്ടും.
ക്വാര്‍ട്ടറില്‍, കാനഡയുടെ ഡെനിസ് ഷാപ്പലോവിനെ (6-3, 6-4, 4-6, 3-6, 6-3) തോല്‍പ്പിച്ചാണ് നഡാല്‍ സെമിയിലെത്തിയത്. മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ബെരേറ്റിനി ഫ്രാന്‍സിന്റെ ഗെയ്ല്‍ മോന്‍ഫില്‍സിനെ (6-4, 6-4, 36, 3-6, 6-2)യും സിറ്റ്‌സിപാസ് ഇറ്റലിയുടെ യാനിക് സിന്നറെയും (6-3, 6-4, 6-2) മെദ്‌വദേവ് കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയാസ്സിമിനെയും (6-7, 3-6, 76, 7-5, 6-4) തോല്‍പ്പിച്ചു.
ഇക്കുറി സിംഗിള്‍സ് കിരീടം നേടാനായാല്‍ പുരുഷവിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം വിജയം എന്ന നേട്ടം റാഫേല്‍ നഡാലിന് സ്വന്തമാകും. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്, നഡാല്‍ എന്നിവര്‍ 20 വീതം കിരീടവുമായി തുല്യനിലയിലാണിപ്പോള്‍. കഴിഞ്ഞവര്‍ഷം മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളും നേടിയ ജോക്കോവിച്ച് യു.എസ്. ഓപ്പണുംകൂടി നേടി റെക്കോഡ് മറികടക്കുമെന്ന് കരുതിയെങ്കിലും അവിടെ ഡാനില്‍ മെദ്‌വദേവ് ജോക്കോവിച്ചിനെ അട്ടിമറിച്ചു. കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഇക്കുറി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന് മത്സരിക്കാന്‍ കഴിഞ്ഞില്ല.
സെമിയില്‍ നഡാലിനെ നേരിടുന്ന മരിയോ ബരേറ്റിനി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റലിക്കാരന്‍ എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്.
കഴിഞ്ഞവര്‍ഷത്തെ അവസാന ഗ്രാന്‍ഡ്സ്ലാമായ യു.എസ്. ഓപ്പണില്‍ ജോക്കോവിച്ചിനെ കീഴടക്കി കിരീടം നേടിയ ഡാനില്‍ മെദ്‌വദേവിനെ കാത്തിരിക്കുന്നത് ആധുനിക യുഗത്തില്‍ അടുപ്പിച്ച് രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ റഷ്യക്കാരന്‍ എന്ന റെക്കോഡ്. സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ശേഷിക്കുന്ന രണ്ടു കളികളും ജയിച്ചാല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഗ്രീസുകാരനാകും.
Content Highlights: Australian Open men's singles semi final 2022, nadal, medvedev, tsitsipas, berrettini
Content Highlights: