മൻപ്രീത് കൗറിന് വെങ്കലം, കൃഷ്ണ അഞ്ചാമത്, സ്പ്രിന്റിൽ നിരാശ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്

നഗോയ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇനിയും പൊന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇന്ത്യയ്ക്ക്. രണ്ടാം ദിനം ഒരു വെങ്കലമാണ് ഇന്ത്യയുടെ സമ്പാദ്യം. വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറാണ് വെങ്കലം നേടിയത്. 17.17 മീറ്ററാണ് മൻപ്രീത് എറിഞ്ഞത്. 16.32 മീറ്ററിൽ തുടങ്ങിയ മൻപ്രീത് നാലാം ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു ശ്രമം പാഴായി. അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. വനിതകളുടെ പതിനായിരം മീറ്ററിൽ സീമ വെങ്കലവും 400 മീറ്റർ മിക്‌സഡ് റിലേ ടീം വെള്ളിയും നേടിയിരുന്നു.

19.40 മീറ്റർ എറിഞ്ഞ ചൈനയുടെ ജിയാൻയുവാൻ സോങ് സ്വർണവും 18.14 മീറ്റർ എറിഞ്ഞ ലിൻ റു ഷാങ് വെള്ളിയും നേടി. മലയാളി താരം കൃഷ്ണ ജയശങ്കർ മേനോന് 16.57 മീറ്റർ എറിഞ്ഞ് അഞ്ചാമതായി. ആദ്യ ശ്രമത്തിൽ തന്നെ ഈ ദൂരം കണ്ടെത്തിയ കൃഷ്ണയ്ക്ക് പിന്നീട് മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല.

പുരുഷന്മാരുടെ 100 മീറ്റർ സെമിഫൈനലിൽ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. അനിമേഷ് കുജുറിനും ഗുരിന്ദർവിർ സിങ്ങിനും ഫൈനലിന് യോഗ്യത നേടാനായില്ല. ഗാരിന്ദർവീർ 10.32 സെക്കൻഡിൽ അഞ്ചാമതും കുജുർ 10.38 സെക്കൻഡിൽ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്.

Content Highlights: asian-games-2026-manpreet-kaur-bronze-shot-put