ചെയര്‍ അമ്പയറോട് മോശം പെരുമാറ്റം; അലക്‌സാണ്ടര്‍ സവരേവിനെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്ന് പുറത്താക്കി

Photo: twitter.com
Photo: twitter.com

അകാപുല്‍കോ (മെക്‌സിക്കോ): ചെയര്‍ അമ്പയറെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ച ജര്‍മനിയുടെ ലോക മൂന്നാം നമ്പര്‍ ടെന്നീസ് താരം അലക്‌സാണ്ടര്‍ സവരേവിനെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്ന് പുറത്താക്കി.

ടൂര്‍ണമെന്റിലെ ഡബിള്‍സ് മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സവരേവ് ചെയര്‍ അമ്പയറുടെ കസേരയില്‍ പലതവണ ആഞ്ഞടിക്കുകയായിരുന്നു. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് നിരക്കാത്ത പെരുമാറ്റത്തെ തുടര്‍ന്ന് താരത്തിനെതിരേ എടിപി കൂടുതല്‍ നടപടികളെടുത്തേക്കും. ലോയ്ഡ് ഗ്ലാസ്പൂള്‍ - ഹാരി ഹെലിയോവാര സഖ്യത്തോടായിരുന്നു സവരേവ് - മാഴ്‌സെലോ മെലോ സഖ്യത്തിന്റെ തോല്‍വി. 

രോഷാകുലനായ സവരേവ് ചെയര്‍ അമ്പയറോട് ആക്രോശിക്കുകയും അദ്ദേഹം ഇരുന്നിരുന്ന കസേരയില്‍ തുടര്‍ച്ചയായി ആഞ്ഞടിക്കുകയുമായിരുന്നു.  ഭാഗ്യം കൊണ്ടാണ് സവരേവിന്റെ അടികള്‍ കാലില്‍ കൊള്ളാതെ ചെയര്‍ അമ്പയര്‍ രക്ഷപ്പെട്ടത്.

മെക്‌സിക്കന്‍ ഓപ്പണ്‍ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ കടന്ന സവരേവിന് ഇതോടെ ഇനി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാകില്ല. സവരേവിന്റെ എതിരാളിയായ പീറ്റര്‍ ഗോയോസിക്കിന് ഇതോടെ ക്വാര്‍ട്ടറിലേക്ക് വാക്ക്ഓവര്‍ ലഭിച്ചു.

Content Highlights: Alexander Zverev expelled from the Mexicana Open ATP 500 tournament