'അവന്‍ കരഞ്ഞാല്‍ ഞങ്ങളും കരഞ്ഞുപോകും, വാശി പിടിച്ചാണ് മത്സരിക്കാന്‍ എത്തിയത്'

അസ്ലം, ആദര്‍ശ്, ആദര്‍ശിന്റെ മാതാവ് എന്നിവര്‍
അസ്ലം, ആദര്‍ശ്, ആദര്‍ശിന്റെ മാതാവ് എന്നിവര്‍

തിരുവനന്തപുരം: 'ഞങ്ങള്‍ക്ക് അവനെന്തെങ്കിലും പറ്റുമോയെന്ന ഭയമായിരുന്നു, പക്ഷെ അവന് വാശിയായിരുന്നു, ഓടി ജയിക്കാനുള്ള വാശി,', കായിക മേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തിലെ വേഗ താരമായ ആദര്‍ശിന്റെ അമ്മയുടെ വാക്കുകളാണിത്. അര്‍ബുദത്തെയും പ്രതിസന്ധികളേയും മനോവീര്യം കൊണ്ട് തരണം ചെയ്ത് ഗൈഡ് റണ്ണറിനൊപ്പം ഓടി ജയിച്ച ആദര്‍ശ് തന്റെ കന്നി കായിക മേളയില്‍ തിളങ്ങുകയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അണ്ടര്‍ 14 വിഭാഗം 100 മീറ്ററില്‍ പാലക്കാട് ടീമിലെ ആദര്‍ശും ഗൈഡ് റണ്ണര്‍ അസ്ലമും സ്വര്‍ണം നേടിയത്.

മത്സരം തുടങ്ങിയ മുതല്‍ കാണികളുടെ കണ്ണുകള്‍ ആദര്‍ശിലും അസ്ലമിലുമായിരുന്നു, ഇരുവരുടേയും ഉയരവ്യത്യാസം തന്നെയായിരുന്നു പ്രധാന കാരണം. ആദര്‍ശിനെ കണ്ടപ്പോള്‍ അവന്‍ ഓടില്ലെന്നാണ് ആദ്യം വിചാരിച്ചതെന്നും അവന്‍ പക്ഷേ ഞെട്ടിച്ചെന്നും മുഹമ്മദ് അസ്ലം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. മുതലമട ജെഎച്ച്എസിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്.

'ആദര്‍ശ് സൂപ്പറാണ്, ഒരുമിച്ച് പ്രാക്ടീസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ആദ്യമായിട്ട് ഒരുമിച്ച് ഓടുന്നത് തന്നെ മത്സരത്തിനാണ്. ഗൈഡ് റണ്ണറായി ഓടാന്‍ സാധിച്ചതില്‍ സന്തോഷം. അവനെ ഓടി ജയിപ്പിക്ക് എന്നാണ് മത്സരത്തിന് വരുന്നതിന് മുന്‍പ് ഉപ്പ എന്നോട് പറഞ്ഞത്.

ഇങ്ങനെ രണ്ടുപേര്‍ ഓടുന്ന മത്സരങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോള്‍ എല്ലാവരും കളിയാക്കിയിരുന്നു. അവന് പൊക്കം കുറവായിരുന്നു. എനിക്ക് നല്ല ഉയരവും. ഞങ്ങള്‍ ഒരുമിച്ച് ഓടിയാല്‍ വീഴുമോയെന്ന ഭയമുണ്ടായിരുന്നു. സെലെക്ഷന്‍ സമയത്ത് ഉയരവ്യത്യാസം അറിഞ്ഞിരുന്നില്ല', അസ്ലം പറഞ്ഞു.

മത്സരത്തില്‍ വിജയിച്ചതില്‍ അമിതാഹ്ലാദമൊന്നുമില്ല ആദര്‍ശിന്. ഓട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ തന്നെ വളരെയേറെ സന്തോഷമുണ്ടെന്നാണ് ആദര്‍ശ് പറയുന്നത്. ടീച്ചറായ അമ്മ പ്രിയയാണ് ആദര്‍ശിന്റെ ഏറ്റവും വലിയ പിന്തുണയും ധൈര്യവും. സ്‌കൂള്‍ അധികൃതരുടെ പിന്തുണയും അവന് കൂട്ടിനുണ്ട്.

'ഏട്ടന്‍ ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. ഓടാന്‍ പറഞ്ഞ് എന്നെ കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കും. എന്റെ വേഗതയ്ക്ക് അനുസരിച്ച് ചേട്ടന്‍ ഓടി. റിലേയിലും മത്സരിക്കുന്നുണ്ട്', ആദര്‍ശ് പറഞ്ഞു.

അര്‍ബുദത്തെ പോരാടിത്തോല്‍പ്പിച്ച് മകന്‍ കായിക മേളയില്‍ സ്വര്‍ണം ചൂടിയതിന്റെ സന്തോഷത്തിലാണ് ആദര്‍ശിന്റെ അമ്മ. മകനെ മത്സരിക്കാന്‍ വിടാന്‍ പേടിയായിരുന്നെങ്കിലും അവന്റെ വാശിക്ക് ഒടുവില്‍ വഴങ്ങുകയായിരുന്നുവെന്ന് അമ്മ പറയുന്നു.

'എന്റെ രണ്ട് മക്കളില്‍ ഇളയവനാണ് ആദര്‍ശ്. ഓടാന്‍ അവന് വലിയ ഇഷ്ടമാണ്. ഓരോ പ്രാവശ്യവും കരഞ്ഞ് പറയും ഓടാന്‍ പോകണമെന്ന്. പക്ഷേ എല്ലാവര്‍ക്കും അവന്‍ വീഴുമോയെന്നൊക്കെ ഓര്‍ത്ത് പേടിയായിരുന്നു. ക്യാംപിനൊന്നും വിടണ്ട എന്നാണ് ബന്ധുക്കളൊക്കെ പറഞ്ഞത്. അതോടെ അവന് വലിയ സങ്കടമായി. അവന്‍ കരഞ്ഞാല്‍ ഞങ്ങളും കരഞ്ഞുപോകും.

സ്‌കൂളില്‍ നന്നായി ഓടുമായിരുന്നു. ടീച്ചറാണ് മത്സരിക്കാന്‍ നിര്‍ബന്ധിച്ചത്. അവന് കണ്ണിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ മത്സരിച്ച് ജയിക്കണമെന്ന വാശിയായിരുന്നു. പഠിത്തത്തിലാണെങ്കിലും മത്സരത്തിലാണെങ്കിലും വിചാരിക്കുന്ന ലക്ഷ്യം അവന്‍ നേടിയെടുക്കും.

അവന് ഒരു കണ്ണിന് 40 ശതമാനം കാഴ്ചക്കുറവുണ്ട്. രണ്ടര വയസ്സിലാണ് കാഴ്ച പ്രശ്‌നം വന്നത്. റെറ്റിനോ ബ്ലാസ്‌ടോമയായിരുന്നു, നാലഞ്ച് വര്‍ഷത്തോളം ചികിത്സിച്ചു. 14 കീമോ കഴിഞ്ഞിട്ടും ഭേദമാകാത്തതിനാല്‍ ഒടുവില്‍ നേത്രഗോളം നീക്കം ചെയ്തു. പിന്നീട് കുറെനാള്‍ വലിയൊരു പോരാട്ടമായിരുന്നു.

എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു. ഇവിടംവരെ എത്തിയതില്‍ ഒരുപാട് സന്തോഷം. കൂടെയുളള കുട്ടിയുടെ പിന്തുണ വളരെ വലുതായിരുന്നു. ഒരുപാട് സന്തോഷം', പ്രിയ പറഞ്ഞു.

കാഴ്ച പരിമിതരുടെ ഓട്ടമത്സരത്തില്‍ ഒരു ഗൈഡ് റണ്ണര്‍ ഒപ്പമുണ്ടാകും. ഇരുവരുടേയും ഓരോ കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയാണ് ഓടുന്നത്. കാഴ്ചപരിമിതിയുള്ള കുട്ടിയുടെ കണ്ണ് ബ്ലൈന്‍ഡ് ഫോള്‍ഡ് കൊണ്ട് മറച്ചിരിക്കും. കാഴ്ചപരിമിതിയുള്ള കുട്ടിയാവണം ആദ്യം ഓടേണ്ടത്. ഗൈഡ് റണ്ണര്‍ ദിശ പറഞ്ഞുകൊടുത്ത് ഒപ്പമോടണം. ഇരുവരുടേയും ഏകോപനം തന്നെയാണ് വിജയമന്ത്രം. സിയുപിഎസ് ചെമ്പ്ര സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. ജിഎച്ച്എസ്എസ് മുതലമടയിലെ വിദ്യാര്‍ഥിയാണ് അസ്ലം.

Content Highlights: Vision of Victory: Overcoming Cancer and Challenges, Adarsh Races to Gold