ബ്രിജ്ഭൂഷണെതിരായ പ്രതിഷേധം താരങ്ങളുടെ ഒളിമ്പിക്‌സ് പ്രകടനത്തെ ബാധിച്ചു- WFI അധ്യക്ഷൻ സഞ്ജയ് സിങ്

വിനേഷ് ഫോഗട്ട് പ്രതിഷേധത്തിനിടെ, സഞ്ജയ് സിങ് | ഫോട്ടോ: എ.എഫ്.പി., എ.എൻ.ഐ
വിനേഷ് ഫോഗട്ട് പ്രതിഷേധത്തിനിടെ, സഞ്ജയ് സിങ് | ഫോട്ടോ: എ.എഫ്.പി., എ.എൻ.ഐ

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ ലഭിക്കാത്തതിനു പിന്നില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ വലിയ പങ്കുവഹിച്ചതായി ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സിങ്. പാരീസിലെ ഇന്ത്യയുടെ 'സാധാരണ പ്രകടന'ത്തിന് കാരണം ഗുസ്തിക്കാര്‍ ഉള്‍പ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഒരുവര്‍ഷത്തിലധികം നീണ്ട പ്രതിഷേധങ്ങള്‍ കാരണം താരങ്ങള്‍ക്ക് ഒളിമ്പിക്‌സിന് ഒരുങ്ങാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'മറ്റൊരു കോണിലൂടെ നോക്കിയാല്‍, 14-15 മാസത്തോളം നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ ഗുസ്തി രംഗത്തെ മുഴുവന്‍ അസ്വസ്ഥപ്പെടുത്തി. ഒരു വിഭാഗമൊഴിച്ച്, മറ്റു വിഭാഗങ്ങളിലെ ഗുസ്തിക്കാര്‍ ദേശീയ-അന്തര്‍ദേശീയ ടൂര്‍ണമെന്റുകളിലല്ലാതെ പരിശീലനത്തിന് കഴിയാതെ പ്രയാസപ്പെട്ടു. അതിനാല്‍ ഗുസ്തിക്കാര്‍ക്ക് മികച്ച പ്രകടനം നടത്താനായില്ല', സഞ്ജയ് സിങ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. 

ഇന്ത്യ ആറ് ഗുസ്തി താരങ്ങളെയാണ് പാരീസിലേക്ക് അയച്ചത്. എന്നാല്‍, 57 കിലോഗ്രാം കാറ്റഗറിയില്‍ അമന്‍ ഷെറാവത്ത് മാത്രമാണ് മെഡല്‍ (വെങ്കലം) നേടിയത്. അമന്റെ കന്നി ഒളിമ്പിക് മെഡലാണിത്. 50 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയെങ്കിലും 100 ഗ്രാം അധികം ഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് അയോഗ്യയായി. ഈ കേസ് കായിക തര്‍ക്കപരിഹാര കോടതിയുടെ പരിഗണനയിലാണ്. അന്‍ഷു മാലിക് (57 കി.ഗ്രാം), റിതിക ഹൂഡ (76 കി.ഗ്രാം), നിഷ ദഹിയ (68 കി.ഗ്രാം), അന്തിം പംഗല്‍ (53 കി.ഗ്രാം) എന്നിവരെല്ലാം മെഡല്‍ നേടുന്നതില്‍ പരാജയപ്പെട്ടു. 

വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരായിരുന്നു മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരേ പ്രതിഷേധവുമായെത്തിയവരില്‍ മുന്‍നിരയിലുണ്ടായിരുന്നത്. ബ്രിജ്ഭൂഷണെ മാറ്റി സഞ്ജയ് സിങ്ങിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയില്‍നിന്ന് വിരമിച്ചിരുന്നു.

Content Highlights: wrestlers protests behind ordinary show in paris olympics says sanjay singh