കാണികളില്ലെങ്കില്‍ എന്തുചെയ്യും? കസേരകള്‍ക്കിടയില്‍ പന്ത് തിരഞ്ഞ് കളിക്കാര്‍

പന്ത് തിരയുന്ന ആഷ്റ്റണ്‍ ആഗറും ലോക്കി ഫെര്‍ഗൂസണും  ഫോട്ടോ: വീഡിയോഗ്രാബ്‌
പന്ത് തിരയുന്ന ആഷ്റ്റണ്‍ ആഗറും ലോക്കി ഫെര്‍ഗൂസണും ഫോട്ടോ: വീഡിയോഗ്രാബ്‌

സിഡ്‌നി: സാധാരണയായി ഗാലറിയിലെത്തുന്ന പന്തുകള്‍ കൈയിലൊതുക്കാന്‍ ആരാധകര്‍ തമ്മില്‍ മത്സരമാകും. എന്നാല്‍ ആളില്ലാ കസേരകള്‍ക്കിടയില്‍ വീണ പന്തുകള്‍ ക്രിക്കറ്റ് താരങ്ങള്‍ തന്നെ തിരയുന്ന കാഴ്ച്ച കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മില്‍ സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തിനിടയില്‍ അങ്ങനെ ഒരു കാഴ്ച്ചയും കണ്ടു. 

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തിയതോടെയാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറിയത്. ന്യൂസീലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസണ്‍, ഓസ്‌ട്രേലിയയുടെ ആഷ്ടണ്‍ ആഗര്‍ തുടങ്ങിയവരെല്ലാം പന്ത് തിരയാന്‍ ഗാലറിയിലെത്തി. 

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഓസീസിന്റെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഗാലറിയിലേക്ക് അടിച്ച പന്ത് തിരയാനായി ഫെര്‍ഗൂസണ്‍ ബൗണ്ടറി ലൈനും ചാടിക്കടന്നെത്തി. ഓസീസ് ഇന്നിങ്‌സിന്റെ 18-ാം ഓവറിലാണ് സംഭവം. ഈ ഓവര്‍ എറിഞ്ഞ ഇഷ് സോധിയുടെ ആദ്യ പന്തുതന്നെ ഫിഞ്ച് ഗാലറിയിലേക്ക് പറത്തി. ഇതോടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫെര്‍ഗൂസണ്‍ ബൗണ്ടറി ലൈനും ബാരിക്കേഡും ചാടിക്കടന്ന് ഗാലറിയിലെത്തി. കസേരകള്‍ക്കിടയില്‍ തിരഞ്ഞ് പന്ത് കണ്ടെത്തി. അത് നേരെ ഗ്രൗണ്ടിലേക്ക് എറിഞ്ഞുകൊടുത്തു.

പിന്നീട് ന്യൂസീലന്‍ഡ് ഇന്നിങ്‌സിനിടെ ജിമ്മി നീഷാം ഗാലറിയിലെത്തിച്ച പന്ത് തിരയാനായി ഓസീസ് താരം ആഷ്ടണ്‍ ആഗറും രംഗത്തിറങ്ങി. ഇതിന്റെയെല്ലാം വീഡിയോ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ ബോര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തില്‍ 71 റണ്‍സിന് ഓസ്‌ട്രേലിയ വിജയിച്ചു.

Content Highlights: With No Public In Stands Players Searches For Ball Australia vs New Zealand ODI

Content Highlights: