ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനായി ഡയമണ്ട് ലീഗില്‍ നിന്ന് പിന്മാറി ശ്രീശങ്കര്‍

ന്യൂഡല്‍ഹി: അടുത്ത ആഴ്ച ആരംഭിക്കുന്ന യൂജീന്‍ ഡയമണ്ട് ലീഗില്‍ നിന്ന് പിന്മാറി ഇന്ത്യയുടെ മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കര്‍. ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് താരം ഡയമണ്ട് ലീഗില്‍ നിന്ന് പിന്മാറിയത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയാണ് ശ്രീശങ്കര്‍.
ചൈനയിലെ ഹാങ്ഷൂവില്‍ വെച്ചാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ശ്രീശങ്കര്‍ ഡയമണ്ട് ലീഗില്‍ നിന്ന് പിന്മാറിയ വിവരം ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക പേജിലൂടെ അധികൃതര്‍ അറിയിച്ചു. സൂറിച്ച് ഡയമണ്ട് ലീഗിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ശ്രീശങ്കര്‍ ഡയമണ്ട് ലീഗ് ഫൈനല്‍സിലേക്ക് യോഗ്യത നേടിയിരുന്നു. യൂജീനില്‍ വെച്ചാണ് ഫൈനല്‍ നടക്കുന്നത്. സെപ്റ്റംബര്‍ 16, 17 തീയ്യതികളിലായാണ് മത്സരം നടക്കുന്നത്. സൂറിച്ച് ഡയമണ്ട് ലീഗില്‍ 7.99 മീറ്റര്‍ ചാടി ശ്രീശങ്കര്‍ അഞ്ചാം സ്ഥാനം നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് നടക്കുന്നത്. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ നിന്ന് ഗെയിംസിന് യോഗ്യത നേടിയ 65 താരങ്ങളിലൊരാളാണ് ശ്രീശങ്കര്‍. ഇത്തവണ മികച്ച ടീമിനെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി അയയ്ക്കുന്നത്.
Content Highlights: With Focus On Asian Games, Murali Sreeshankar To Skip Diamond League Final