ആറു പായ്ക്കറ്റ് സിഗരറ്റിനായി അടിവസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായ വോണ്‍; ക്ലാര്‍ക്ക് പറയുന്നു

Image Courtesy: Cricket.com AU
Image Courtesy: Cricket.com AU

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ പുകവലി പ്രേമത്തിന്റെ വ്യാപ്തി വെളിവാക്കുന്ന സംഭവം തുറന്നു പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

ഒരിക്കല്‍ ആറു പായ്ക്കറ്റ് സിഗററ്റിനു വേണ്ടി വോണ്‍ അടിവസ്ത്രങ്ങളും സോക്‌സും ഉപേക്ഷിച്ച സംഭവത്തെ കുറിച്ചാണ് ക്ലാര്‍ക്ക് പറഞ്ഞത്.

2006-ലെ ആഷസ് പരമ്പരയ്ക്ക് മുമ്പ് ഓസീസ് താരങ്ങള്‍ക്ക് മൂന്നു ദിവസത്തെ പരിശീലന ക്യാമ്പ് ഉണ്ടായിരുന്നു. ക്യാമ്പിലേക്ക് ടീ ഷര്‍ട്ട്, പാന്റ്‌സ്, സോക്‌സ്, അടിവസ്ത്രങ്ങള്‍, ജോഗര്‍, തൊപ്പി തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ മാത്രം കൊണ്ടുപോകാനേ കോച്ച് ജോണ്‍ ബുക്കാനന്റെ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുകവലിക്കാതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയുള്ള വോണിന് കോച്ചിന്റെ ഈ തീരുമാനം തിരിച്ചടിയായി. സിഗരറ്റ് കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ ക്യാമ്പിന് വരുന്നില്ലെന്നായിരുന്നു വോണിന്റെ തീരുമാനമെന്നും ക്ലാര്‍ക്ക് വെളിപ്പെടുത്തി.

ഇതോടെ ജോണ്‍ ബുക്കാനന്‍ വോണിനു മുന്നില്‍ ഒരു നിര്‍ദേശം വെച്ചു. ഓരോ പായ്ക്കറ്റ് സിഗററ്റിനു പകരം അനുവദിച്ച സാധനങ്ങളില്‍ ഓരോന്നുവീതം ഉപേക്ഷിക്കണം. ഇത് വോണിന് ഒരു പ്രശ്‌നമേ ആയിരുന്നില്ല. മൂന്ന് വീതം അടിവസ്ത്രങ്ങളും സോക്‌സും ഉപേക്ഷിച്ച് വോണ്‍ ആറു പായ്ക്കറ്റ് സിഗററ്റ് കൂടെക്കൊണ്ടുപോയെന്നും ക്ലാര്‍ക്ക് വെളിപ്പെടുത്തി.

''ക്യാമ്പിനിടെ കുറ്റിക്കാടുകള്‍ക്ക് നടുക്ക് രാത്രി സ്ലീപ്പിങ് ബാഗ് മാത്രമായിരുന്നു ഞങ്ങള്‍ക്ക് നല്‍കിയത്. മറ്റ് ഷെല്‍റ്ററുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പുറത്ത് മുഴുവന്‍ നല്ല ഇരുട്ടും. ആ സമയത്ത് ഒരാളുടെ സ്ലീപ്പിങ് ബാഗില്‍ നിന്ന് ഓറഞ്ച് വെളിച്ചം വരുന്നത് കാണാമായിരുന്നു. വോണ്‍ പുകയ്ക്കുന്നതായിരുന്നു അത്'', ക്ലാര്‍ക്ക് പറഞ്ഞു.

എന്നാല്‍ ഈ പുകവലിയൊന്നും വോണിന്റെ പ്രകടനത്തെ ബാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെ 5-0 ന് കീഴടക്കിയ പരമ്പരയില്‍ 23 വിക്കറ്റുകളാണ് വോണ്‍ സ്വന്തമാക്കിയത്.

(മുന്നറിയിപ്പ്: പുകവലി ആരോഗ്യത്തിന് ഹാനികരമാണ്‌)

Content Highlights: When Shane Warne chose cigarettes over underwear reveals Michael Clarke

Content Highlights: