സ്പോർട്സ് കൗൺസിൽ തലപ്പത്ത് ഏറെക്കാലത്തിനുശേഷം രാഷ്ട്രീയനേതൃത്വം

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് ഏറെക്കാലത്തിനുശേഷം രാഷ്ട്രീയനേതൃത്വം തിരിച്ചെത്തുന്നു. എസ്.എഫ്.ഐ. മുൻ ദേശീയ പ്രസിഡന്റ് വി.പി. സാനുവാണ് പുതിയ പ്രസിഡന്റ്. ഒരു പതിറ്റാണ്ടായി സംഘടനയുടെ തലപ്പത്തുണ്ടായിരുന്നത് പത്മിനി തോമസ്, അഞ്ജു ബോബി ജോർജ്, മേഴ്സിക്കുട്ടൻ, യു. ഷറഫലി തുടങ്ങിയ കായികതാരങ്ങളാണ്. കൗൺസിൽ തലപ്പത്ത് കായികമേഖലയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നതിൽ വിമർശനമുയർന്നിരുന്നു. തുടർന്നാണ് സമീപകാലങ്ങളിൽ കൗൺസിൽ പ്രസിഡന്റായി പ്രശസ്തരായ കായികതാരങ്ങളെ കൊണ്ടുവന്നിരുന്നത്.
പത്മിനി തോമസാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായ ആദ്യ കായികതാരം. 2011-ൽ യു.ഡി.എഫ്. സർക്കാരിന്റെകാലത്താണ് പത്മിനി തോമസിനെ നാമനിർദേശം ചെയ്തത്. 2015-ൽ അഞ്ജു ബോബി ജോർജിനെ പ്രസിഡന്റായി നിയമിച്ചു. 2016-ൽ ഭരണം മാറിയതോടെ ആറുമാസത്തിനകം അഞ്ജുവിന് സ്ഥാനമൊഴിയേണ്ടിവന്നു. മന്ത്രി ഇ.പി. ജയരാജനുമായി അഭിപ്രായവ്യത്യാസമുണ്ടായശേഷമാണ് അഞ്ജു രാജിവെച്ചത്.
2016 മുതൽ 2019 വരെ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും സി.പി.എം. നേതാവുമായ ടി.പി. ദാസൻ പ്രസിഡന്റായി. തുടർന്ന് കായികതാരങ്ങളെ ഭാരവാഹിയാക്കിയാൽ മതിയെന്ന നിലപാടിലാണ് 2019-ൽ മേഴ്സിക്കുട്ടനെ നിയമിച്ചത്. കൗൺസിലിലെ ആഭ്യന്തരത്തർക്കങ്ങളെത്തുടർന്ന് സർക്കാർ ഇടപെട്ട് മേഴ്സിക്കുട്ടന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ മാറ്റുകയായിരുന്നു. കാലാവധി തീരാൻ ഒരുവർഷം ശേഷിക്കേയാണ് ഭരണസമിതിയെ ഒഴിവാക്കിയത്.
2023-ൽ മുൻ ഫുട്ബോൾ താരം യു. ഷറഫലി പ്രസിഡന്റ്സ്ഥാനത്തെത്തി. കായികമന്ത്രിയുടെ താത്പര്യപ്രകാരമാണ് സി.പി.എം. നിർദേശിച്ചയാളെ തഴഞ്ഞ് ഷറഫലി എത്തിയത്.
ഏഴു സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെയും സർക്കാർ നാമനിർദേശം ചെയ്യുകയായിരുന്നു. 2024 മാർച്ചിൽ കൗൺസിലിന്റെ കാലാവധി കഴിഞ്ഞെങ്കിലും സർക്കാരിന്റെ താത്പര്യപ്രകാരം ഭരണസമിതി തുടർന്നു.
ഇപ്പോൾ ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 23-നാണ് സംസ്ഥാന പ്രസിഡന്റിനെ നാമനിർദേശം ചെയ്യേണ്ടത്.
Content Highlights: VP Sanu appointed as the new President of Kerala State Sports Council., Shift in leadership policy from professional athletes back to political figures., Historical overview of previous presidents including Anju Bobby George and Mercy Kuttan., Transition details following the conclusion of the previous committee's term.