വിദർശ പ്രൊഫഷണൽ പരിശീലനത്തിനു തുടക്കമിട്ടത് കാലിക്കറ്റ് റൈഫിൾ ക്ലബ്ബിൽ; അത് ഞങ്ങൾകൂടെ കണ്ട സ്വപ്‌നമെന്ന് പരിശീലകൻ

#കെ.പി. ഷൗക്കത്തലി
വിദർശ കെ. വിനോദ് കോഴിക്കോട് ജില്ലാ റൈഫിൾ അസോസിയേഷന്റെ മുഖ്യപരിശീലകൻ വി. വിപിൻദാസിനൊപ്പം
വിദർശ കെ. വിനോദ് കോഴിക്കോട് ജില്ലാ റൈഫിൾ അസോസിയേഷന്റെ മുഖ്യപരിശീലകൻ വി. വിപിൻദാസിനൊപ്പം

കോഴിക്കോട്: 'ഒളിമ്പിക്‌സ് ക്വാട്ട വിൻചെയ്യാൻ കഴിവുള്ള കുട്ടിയാണ്, നന്നായി കഠിനാധ്വാനംചെയ്യുന്ന നല്ല ഡെഡിക്കേഷനുമുള്ള ഷൂട്ടറാണ്, അതിന്റെകൂടെ റിസൾട്ടാണ് ഈ നേട്ടം'. തിരുവമ്പാടിക്കാരിയായ വിദർശ കെ. വിനോദ് ഏഷ്യൻ ഗെയിംസിന്റെ ആദ്യദിനം ഷൂട്ടിങ്ങിൽ വെള്ളിമെഡൽനേടി രാജ്യത്തിന്റെ അഭിമാനമായപ്പോൾ അത് ഞങ്ങൾകൂടെ കണ്ട സ്വപ്നമാണെന്നു പറയുന്നു കോഴിക്കോട് ഡിസ്ട്രിക്ട് റൈഫിൾ അസോസിയേഷന്റെ മുഖ്യ പരിശീലകനായ വി. വിപിൻദാസ്.

എൻ.സി.സിയിലെ ഷൂട്ടിങ് ക്ലബ്ബിലാണ് തോക്കുപിടിച്ച് പഠിച്ചതെങ്കിലും പ്രൊഫഷണൽ പരിശീലനത്തിനു തുടക്കമിട്ടത് ജില്ലാ റൈഫിൾ അസോസിയേഷന് കീഴിൽ കോഴിക്കോട് തൊണ്ടയാടുള്ള കാലിക്കറ്റ് റൈഫിൾ ക്ലബ്ബ് റെയ്ഞ്ചിലാണ്.

2018-ൽ തുടങ്ങി 2021-ൽ ഡൽഹിയിലേക്ക് പോവുന്നതു വരെയുള്ള മൂന്നുവർഷക്കാലം ഈ റൈഫിൾക്ലബ്ബായിരുന്നു വിദർശയുടെ പരിശീലനക്കളരി.

തിരുവനന്തപുരം വട്ടിയൂർക്കാവിൽ എൻ.സി.സിയുടെ ഷൂട്ടിങ് ടീമിന് പരിശീലനം നൽകാനെത്തിയപ്പോഴാണ് വിദർശയെ കാണുന്നതെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മുൻ പരിശീലകൻ കൂടെയായ പാലക്കാട്ടുകാരൻ വി. വിപിൻദാസ് പറയുന്നു. എൻ.സി.സി. ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം അന്നു ചെല്ലുമ്പോൾ ഒരു പൊതു തോക്ക് വെച്ചായിരുന്നു എല്ലാവരും പരിശീലനം നേടിക്കൊണ്ടിരുന്നത്.

വിദർശയ്ക്കും ഒപ്പമുള്ളവർക്കും സ്വന്തമായി ജാക്കറ്റ് പോലുമുണ്ടായിരുന്നില്ല. പേഴ്‌സണൽ ജാക്കറ്റ് ഇല്ലാതെ ഒന്നുംകഴിയില്ല എന്ന് നിർദേശംനൽകി.

അതു വാങ്ങിച്ചു. എൻ.സി.സി. കാലത്തിനുശേഷം 2018-ലാണ് വിദർശ കാലിക്കറ്റ് റൈഫിൾക്ലബ്ബിൽ ജൂനിയർ അംഗത്വമെടുത്തു തുടക്കമിട്ടത്. അന്ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടുവന്ന് പരിശീലനം നൽകാറായിരുന്നു. അക്കാലത്തു തന്നെ വിദർശയിലെ മികച്ച ഷൂട്ടറെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വി. വിപിൻദാസ് പറയുന്നു.

കോഴിക്കോട്ടെ പരിശീലനകാലത്തുതന്നെ ഗുവാഹട്ടിയിൽ ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിനും പിന്നീട് ദേശീയ ഗെയിംസിലും പങ്കെടുക്കാൻ വിദർശയ്ക്ക് അപൂർവ അവസരംകിട്ടി.

ഖേലോ ഇന്ത്യയിൽ മെഡൽസാധ്യതയോടെയാണ് പോയതെങ്കിലും തുടക്കക്കാരിയായതിനാൽ അഞ്ചാംസ്ഥാനത്തായി. ഇന്ത്യ ടീമിലേക്കുള്ള ട്രയൽസിനും കോഴിക്കോട്ടെ പരിശീലനക്കാലയളവിലാണ് യോഗ്യത നേടിയത്. സംസ്ഥാന ചാമ്പ്യൻഷിപ്പ്, സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം മെഡൽ നേടി. വിദർശയുടെ ഭർത്താവ് മനുവും റൈഫിൾ ക്ലബ്ബിൽത്തന്നെയാണ് പരിശീലനം തുടങ്ങിയത്.

2021-ന് ശേഷമാണ് കുറച്ചുകൂടെ മികച്ച പരിശീലനവും അവസരങ്ങളുംതേടി വിദർശ ഡൽഹിയിലേക്കു പോവുന്നത്. ഇന്ത്യൻ ടീം കോച്ച് മനോജ്കുമാറിന്റെ കീഴിലായിരുന്നു പരിശീലനം. അവിടെവെച്ചാണ് ആദ്യമായി ദേശീയമെഡൽ നേടുന്നത്. പിന്നീട് ഇന്ത്യൻ ടീമിൽ അംഗമായി. രണ്ടുവർഷം തുടർച്ചയായി അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടി. പിന്നീട് ഇന്ത്യൻ ടീം സെലക്ഷൻ ട്രയൽസിൽ ആദ്യ മൂന്ന് റാങ്കിനുള്ളിലെത്തി. അങ്ങനെയാണ് ഏഷ്യൻ ഗെയിംസിൽ രണ്ടിനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ഷൂട്ടിങ് ലോകകപ്പിൽ പങ്കെടുത്തിട്ടുണ്ട്.

അടുത്ത ഷൂട്ടിങ് ലോകകപ്പിൽ കൂടെ റാങ്കിങ്ങിൽ വന്നാൽ ഒളിമ്പിക്‌സ് പ്രവേശനം ഉറപ്പാണ്. അതിനുള്ള ടാലന്റുള്ള കുട്ടിയാണ് വിദർശ. അതുകൊണ്ട് പ്രതീക്ഷയുണ്ടെന്നും വി. വിപിൻദാസ് പറയുന്നു.

കുറച്ച് കാലങ്ങൾകൊണ്ടു തന്നെ റൈഫിൾ ക്ലബ്ബിന് മികച്ച ഷൂട്ടർമാരെ രാജ്യത്തിനു സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും അഭിമാനമുയർത്തിയ താരമാണ് വിദർശയെന്ന് ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത്ത് ശബരീഷ് പറഞ്ഞു.

Content Highlights: Vidarsha K. Vinod started professional training at Calicut Rifle Club in 2018., Coach V. Vipindas highlights her dedication and potential for Olympic qualification., She transitioned to advanced training in Delhi under coach Manoj Kumar in 2021 before winning international medals.