വണ്ടിപ്രേമികൾക്ക് കാഴ്ചവിരുന്നായി നഗോയയിലെ ടൊയോട്ട ഓട്ടോമൊബൈൽ മ്യൂസിയം

കാറുകൾ രൂപപ്പെട്ടതിന്റെ ചരിത്രവും കാറുകളുടെ വർത്തമാനവും കാർ വ്യവസായത്തിലെ ജപ്പാൻ പാരമ്പര്യവും വിളിച്ചോതുകയാണ് ജപ്പാനിലെ നഗോയയിലുള്ള ടൊയോട്ട ഓട്ടോമൊബൈൽ മ്യൂസിയം. വിശാലമായ മൂന്നു നിലകളിലായി നൂറ്റമ്പതോളം വാഹനങ്ങളാണ് ഇവിടെ കാഴ്ചവിരുന്നൊരുക്കുന്നത്. വിന്റേജ് കാലത്തെ കൗതുകക്കാഴ്ചകളാണ് മ്യൂസിയത്തിൽ.
ജപ്പാനിലെ ടൊയോട്ട കമ്പനിയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നതെങ്കിലും ഒട്ടുമിക്ക കമ്പനികളുടെയും കാറുകൾ ഇവിടെയുണ്ട്. എല്ലാം പുതുപുത്തൻ പോലെ വെട്ടിത്തിളങ്ങുന്ന രീതിയിലാണ് ഒരുക്കിനിർത്തിയിരിക്കുന്നത്. ലോകത്തെ ഒട്ടാകെയുള്ള കാർവ്യവസായത്തിന്റെ ചരിത്രവും ഇവിടെ അനാവരണം ചെയ്യുന്നു. കാറുകൾ പ്രദർശിപ്പിച്ചിരിക്കുന്നതിനു പുറമേ കാർചരിത്രം പറയുന്ന ഗാലറിയും മിക്ക കാറുകളുടെയും ചെറുപതിപ്പുകൾ വാങ്ങാനുള്ള അവസരവുമുണ്ട്. 1200 ജപ്പാനീസ് യെൻ (739 രൂപ) ആണ് ടിക്കറ്റ് നിരക്ക്. നഗോയ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇരുപതു കിലോമീറ്ററിലേറെ മാറിയുള്ള നഗാകുട്ടെയിലാണ് മ്യൂസിയം. സബർബൻ തീവണ്ടിക്കും ബസിനും മാറിമാറിയുള്ള യാത്രയ്‌ക്കൊടുവിലാണ് അവിടെയെത്തിയത്.
മ്യൂസിയത്തിൽ നമ്മെ ആദ്യം വരവേൽക്കുന്നത് ടൊയോട്ടയുടെ 'ടൊയോഡ മോഡൽ എഎ'യാണ്. ഇവൻ കൃത്യം തൊണ്ണൂറു കൊല്ലം മുൻപ്(1936) പിറന്നവനാണ്. ടൊയോട്ടയുടെ ആദ്യത്തെ യാത്രാവണ്ടിയാണത്രേ ഇത്. ഉള്ളിലേക്കു കയറിയാൽ ഇതിലും പ്രായമുള്ളവരെ കാണാം. ഏറ്റവും പഴഞ്ചൻ 1886-ൽ പിറന്നുവീണ ബെൻസ് പേറ്റന്റ് മോട്ടോർവാഗണാണ്. കക്ഷിക്ക് മൂന്നു ചക്രങ്ങളേയുള്ളൂ. ലോകത്തെ ആദ്യത്തെ ഗാസൊലീൻ കാറാണത്രേ ഇവൻ. സംഗതി കണ്ടാൽ നമ്മുടെ പഴയ സൈക്കിൾ റിക്ഷതന്നെ.
പിന്നീടങ്ങോട്ട് പല കാലങ്ങളിൽ പിറന്ന ഘടാഘടിയന്മാരുടെ ഘോഷയാത്രയാണ്. ബെൻസ്, ഹോണ്ട, കാഡിലാക്, പോർഷെ, ഫോക്‌സ് വാഗൺ തുടങ്ങി ലോകത്തെ ഒട്ടുമിക്ക കമ്പനികളുടെയും ആദ്യകാല വണ്ടികൾ ഇവിടെയുണ്ട്. മേൽക്കൂരയില്ലാത്തതും ഉള്ളതും വാതിലുകൾ വശങ്ങളിൽനിന്ന് മുകളിലേക്കു തുറക്കുന്നതും രണ്ടുപേർക്കു മാത്രമിരിക്കാവുന്ന കൂപ്പെ വണ്ടികളും മുന്നിൽ ബുള്ളറ്റും പിന്നിൽ കാറും രൂപത്തിലുള്ളതുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. രാജഭരണകാലത്ത് രാജാക്കന്മാർ മാത്രം ഉപയോഗിച്ചിരുന്ന രഥംപോലുള്ള അൽപം വലിയ കാറുകളും കൂട്ടത്തിൽ പ്രൗഢിയോടെ നിൽക്കുന്നു. നമ്മുടെ നാട്ടിലും വണ്ടിപ്രേമികളുടെ ഇഷ്ടയിനമായ, വില്ലിസ് ജീപ്പും ഇവിടെയുണ്ട്.
Content Highlights: Located in Nagakute, near Nagoya, featuring three floors of vintage and modern vehicles., Showcases around 150 well-preserved cars from Toyota and various global manufacturers., Features historical highlights including the 1936 Toyoda Model AA and the 1886 Benz Patent Motorwagen., Includes a car history gallery and a souvenir shop offering miniature car models., Affordable ticket pricing at 1,200 Japanese Yen.