‘അമ്മമാരെയുൾപ്പെടെ അധിക്ഷേപിച്ചു,ക്ഷമയുടെ അതിരുവിട്ടു’;കോച്ചിനെതിരേ ആരോപണം,നടപടിയെടുക്കണമെന്ന് നീരജ്

#സ്പോർട്സ് ഡെസ്ക്
സുമിത് ആന്റിൽ | ANI, നീരജ് ചോപ്ര | PTI
സുമിത് ആന്റിൽ | ANI, നീരജ് ചോപ്ര | PTI

ന്യൂ ഡൽഹി: ദ്രോണാചാര്യ അവാർഡ് ജേതാവായ പരിശീലകൻ നാവൽ സിങ്ങിനെതിരേ പരാതിയുമായി പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാവ് സുമിത് ആന്റിൽ. നാവൽ സിങ് മാനസികമായി പീഡിപ്പിച്ചെന്നും അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് സുമിത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പരാതി നൽകിയത്. വിഷയത്തിൽ സുമിത്തിനെ പിന്തുണച്ച് ഒളിമ്പിക്സ് മെഡൽ ജേതാവും ജാവലിൻ താരവുമായ നീരജ് ചോപ്രയും രംഗത്തെത്തി.

"അദ്ദേഹം മദ്യപിച്ച് ഞങ്ങളെ അസഭ്യം പറഞ്ഞുകൊണ്ട് ശബ്ദസന്ദേശങ്ങൾ അയക്കുന്നു. കുടുംബാംഗങ്ങളെയടക്കം വലിച്ചിഴച്ചു. മത്സരങ്ങൾ അടുക്കുമ്പോൾ അദ്ദേഹം ഇങ്ങനെ പെരുമാറുന്നത് പതിവാണ്. ഒട്ടേറെ പരാതികളുണ്ടായിട്ടും നാവൽ സിങ്ങിനെതിരേ യാതൊരു നടപടിയുമെടുത്തില്ല.- സുമിത് ആന്റിലിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

വളരെ മോശമായ ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കുന്നതായും കായിക താരങ്ങളെയും അവരുടെ അമ്മമാർക്കെതിരേയും മോശം പരാമർശങ്ങൾ നടത്തുന്നതായും സുമിത് ആരോപിക്കുന്നു. നീരജ് ചോപ്ര, നവ്ദീപ് സിങ്, സന്ദീപ് ചൗധരി തുടങ്ങിയ കായികതാരങ്ങൾക്കെതിരേ അനാദരവ് കാട്ടിയതായും ആരോപണമുണ്ട്.

"ഞാനെന്നും സത്യസന്ധനായ കായികതാരമായിരുന്നു, ഒരു വിവാദത്തിലും പങ്കുചേരാൻ എനിക്ക് ആഗ്രഹമില്ല. അദ്ദേഹത്തോട് പലതവണ വിശദീകരിക്കാൻ ശ്രമിച്ചു, ഇതാദ്യമായിട്ടല്ല. എന്റെ ക്ഷമയുടെ അതിരുവിട്ടിരിക്കുന്നു."- സുമിത് പറഞ്ഞു.

ആന്റിലിന്റെ ആരോപണങ്ങൾക്ക് പിന്നാലെ താരത്തെ പിന്തുണച്ച് നീരജ് ചോപ്രയടക്കമുള്ള മറ്റ് കായിക താരങ്ങൾ രംഗത്തെത്തി. വിഷയത്തിൽ സഹകായികതാരങ്ങളോടൊപ്പം നിൽക്കുന്നുതായും കർശന നടപടി ആവശ്യപ്പെടുന്നുവെന്നുമാണ് ചോപ്ര പ്രതികരിച്ചത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യം ലഭിച്ച ഒരു കായികതാരമെന്ന നിലയിലാണ് ഞാൻ ഇത് എഴുതുന്നത്. കായികരംഗം അന്തസ്സും അച്ചടക്കവും ബഹുമാനവും ഉയർത്തിപ്പിടിക്കണം എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. കോച്ച് നാവൽ സിങ് നടത്തിയ പരാമർശങ്ങൾ ലജ്ജാകരമാണ്.- ചോപ്ര കൂട്ടിച്ചേർത്തു.

Content Highlights: Paralympic gold medalist Sumit Antil files formal complaint against Dronacharya awardee coach Naval Singh., Allegations include mental harassment, verbal abuse, and inappropriate comments regarding family members., Neeraj Chopra and other elite athletes publicly support Sumit Antil, calling for strict disciplinary action., Reports indicate a pattern of behavior from the coach during major competition cycles in 2026.