മിക്‌സഡ് മാർഷ്യൽ ആർട്‌സിലെ വിചിത്ര നിയമം; 700 ഗ്രാം വ്യത്യാസത്തിൽ സുചികയ്ക്ക് നഷ്ടമായത് സ്വർണ പോരാട്ടം

നഗോയ: ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ (എംഎംഎ) ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കി ചരിത്രം കുറിച്ച താരമാണ് സുചിക തരിയാൽ. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിലായിരുന്നു തിങ്കളാഴ്ച സുചികയുടെ നേട്ടം.
എന്നാൽ ടൂർണമെന്റിലെ ചില വിചിത്ര നിയമങ്ങൾ കാരണം സുചികയ്ക്ക് നഷ്ടമായത് ഫൈനൽ പ്രവേശനമാണ്. സിംഗപ്പൂരിന്റെ ഹുയി ഹൂൺ തിയോയുമായി നടന്ന വാശിയേറിയ മത്സരത്തിലാണ് സുചിക പരാജയപ്പെട്ടത്. മത്സരത്തിൽ സുചിക തന്റെ ജൂഡോ മികവ് പുറത്തെടുത്ത് എതിരാളിയെ നിലത്തു വീഴ്ത്തുകയും ശക്തമായ പ്രഹരങ്ങൾ ഏൽപ്പിക്കുകയും ചെയ്തപ്പോൾ, മികച്ച ബോക്‌സിങ് കരുത്തിലൂടെ തിയോ മത്സരത്തിൽ മേൽക്കൈ നേടുകയായിരുന്നു.
ആദ്യ റൗണ്ട് സിംഗപ്പൂർ താരം നേടിയതോടെ സുചികയ്ക്ക് തിരിച്ചുവരവ് അനിവാര്യമായി മാറുകയും രണ്ടാം റൗണ്ടിൽ താരം അത് സാധിച്ചെടുക്കുകയും ചെയ്തു. രണ്ടാം റൗണ്ടിന്റെ അവസാനത്തോടെ എതിരാളിയെ വീണ്ടും നിലത്തു വീഴ്ത്തി നിയന്ത്രണത്തിലാക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു. ഈ റൗണ്ട് സുചിക വിജയിച്ചതോടെ മത്സരം ഒരു മിനിറ്റ് നീണ്ട അധിക സമയത്തിലേക്ക് (ഓവർടൈം) നീണ്ടു. എന്നാൽ ഓവർടൈമിൽ തിയോ പോരാട്ടം നിയന്ത്രിക്കുകയും സുചികയുടെ പഞ്ച് ശ്രമങ്ങൾ ഫലം കാണാതെ പോവുകയും ചെയ്തു.
ഫലപ്രഖ്യാപന വേളയിൽ അതൃപ്തി രേഖപ്പെടുത്തിയ സുചിക, റഫറിക്കൊപ്പം നിൽക്കാൻ കൂട്ടാക്കാതെ വിധിയിൽ പ്രതിഷേധിച്ചു. നിയമപ്രകാരം ജഡ്ജിമാരുടെ തീരുമാനത്തിനെതിരേ അപ്പീൽ നൽകാൻ 100 യു.എസ് ഡോളർ നോൺ-റീഫണ്ടബിൾ ഫീസായി അടയ്ക്കണമായിരുന്നു. ഇന്ത്യൻ എംഎംഎ ഫെഡറേഷനും പരിശീലകൻ നിഖിൽ കുന്ദറും ചേർന്നാണ് ഈ തുക അടച്ചത്. ഈ തുക അടച്ച് ഇന്ത്യൻ എംഎംഎ ഫെഡറേഷൻ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി.
സാധാരണയായി മൂന്ന് വിധികർത്താക്കളാണ് മത്സരം വിലയിരുത്തുന്നത്. എന്നാൽ അപ്പീൽ നൽകിയതോടെ 10 അംഗ ജൂറി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും മത്സരം സമനിലയിൽ കലാശിച്ചതായി കണ്ടെത്തുകയും ചെയ്തു.
എന്നാൽ മത്സരം സമനിലയിലായാൽ ശരീരഭാരം കുറവുള്ള താരത്തെ വിജയിയായി പ്രഖ്യാപിക്കുന്ന ടൈ-ബ്രേക്കർ നിയമമാണ് സുചികയ്ക്ക് തിരിച്ചടിയായത്. സുചികയ്ക്ക് എതിരാളിയേക്കാൾ 700 ഗ്രാം ഭാരം കൂടുതലായിരുന്നതിനാൽ വിജയം സിംഗപ്പൂർ താരത്തിന് അനുകൂലമായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ സുചികയ്ക്ക് ഫൈനൽ അവസരം നഷ്ടപ്പെടുകയും വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. രാവിലെ നടന്ന വെയ്-ഇൻ പരിശോധനയിലെ ശരീരഭാരത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിച്ചതെന്ന് എംഎംഎ സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദെ വ്യക്തമാക്കി.
Content Highlights: Suchika Tariyal won a historic bronze medal in MMA at the Asian Games., A controversial tie-breaker rule based on 700 grams body weight difference denied her a spot in the finals., The Indian MMA Federation filed an official appeal with a $100 non-refundable fee., Judges reviewed the video and declared a tie, but the weight rule favored the Singaporean opponent.