കായികമേളയിൽ പ്രായത്തട്ടിപ്പ് ആരോപണം; 100, 200 മീറ്ററിൽ വെള്ളി നേടിയ യുപി സ്വദേശിനിക്കെതിരെ പരാതി

#ആദര്‍ശ് പി.ഐ
ജ്യോതി ഉപാധ്യ | Photo: special arrangement
ജ്യോതി ഉപാധ്യ | Photo: special arrangement

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ മെഡൽ നേടിയ ഉത്തർപ്രദേശുകാരി ജ്യോതി ഉപാധ്യയ്ക്കെതിരെ പരാതിയുമായി മറ്റ് മത്സരാർഥികൾ. ജ്യോതിയുടെ പ്രായം സംബന്ധിച്ചു സംശയമുണ്ടെന്നും അത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ നാലാം സ്ഥാനം നേടിയ മത്സരാർഥികളാണ് സംഘാടകർക്ക് പരാതി നൽകിയത്. ഈ രണ്ട് ഇനങ്ങളിലും ജ്യോതി വെള്ളി മെഡൽ നേടിയിരുന്നു.

ജ്യോതി സംസ്ഥാന ഒളിമ്പിക്‌സിൽ പ്രായത്തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൈറ്റിൽ ജ്യോതി ഉപാധ്യ ജനിച്ചത് 2004-ൽ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ കുട്ടിയുടെ പ്രായം 21 വയസ്സും നാലുമാസവും ആണെന്നും 19 വയസ്സ് പ്രായപരിധിയുള്ള മത്സരങ്ങളിൽ ജ്യോതി പങ്കെടുത്തത് തെറ്റാണെന്നും പരാതിയിൽ പറയുന്നു. നഷ്ടപ്പെട്ട മെഡൽ അനുവദിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ജ്യോതിയുടെ ആധാർ കാർഡിലെ വിവരങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അതിനാൽ പരാതിയിന്മേൽ നടപടിയുണ്ടാകാനുള്ളസാധ്യതയുണ്ട്.

സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ മലപ്പുറത്തിന്റെ ആദിത്യ അജിയാണ് സ്വർണം സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിനൊടുവിൽ 24.75 സെക്കൻഡിൽ ഓടിയെത്തിയാണ് ആദിത്യ സ്വർണമണിഞ്ഞത്. 24.76 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കോഴിക്കോടിന്റെ ജ്യോതി ഉപാധ്യ രണ്ടാമതെത്തിയത്. മാത്രമല്ല, 100 മീറ്ററിലും ജ്യോതി വെള്ളി നേടിയിരുന്നു. 12.26 സെക്കൻഡിലാണ് ജ്യോതി ഫിനിഷ് ചെയ്തത്.

Content Highlights: Competitors allege age fraud against Jyoti Upadhyay, who won silver in 100m & 200m races at the State School Olympics. An investigation is demanded.