ക്രിക്കറ്റിലെ ഫെഡറർ ധോണി, അൽകാരസ് കോഹ്‌ലി: ടെന്നീസ്-ക്രിക്കറ്റ് താരങ്ങളെ താരതമ്യം ചെയ്ത് സഞ്ജു

ഈ സീസണിലെ വിംബിൾഡൺ ടെന്നീസ് ടൂർണമെൻ്റിന് അരങ്ങൊരുങ്ങുകയാണ്. അതിനിടെ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളെ ടെന്നീസ് ഇതിഹാസങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാവുകയാണ്. ജിയോ സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ പ്രതികരണം.
ക്രിക്കറ്റിലെ റോജർ ഫെഡറർ എന്ന് വിളിക്കാവുന്നത് മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെ ആണെന്ന് സഞ്ജു അഭിപ്രായപ്പെട്ടു. ഫെഡററെപ്പോലെ വളരെ ശാന്തനായാണ് ധോണി കളിക്കളത്തിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും, അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോൾ അനായാസമെന്ന് തോന്നുമെങ്കിലും ശക്തമായിരിക്കും അത്. സഞ്ജു പറഞ്ഞു.
അതേസമയം വിരാട് കോഹ്‌ലിയെ യുവ സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകാരസിനോടാണ് സഞ്ജു താരതമ്യം ചെയ്തത്. അൽകാരസിനെപ്പോലെ വളരെ സ്ഫോടനാത്മകവും ആക്രമണാത്മകവുമായ ശൈലിയാണ് കോഹ്‌ലിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കോഹ്‌ലി തൻ്റെ കരിയർ ആരംഭിച്ച സമയത്തെ ശൈലിയാണ് അൽകാരസിന്റെ പ്രകടനത്തിൽ കാണാൻ സാധിക്കുന്നതെന്നും സഞ്ജു ചൂണ്ടിക്കാട്ടി.
സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ ലോകകപ്പ് വിജയങ്ങളെക്കുറിച്ചും സഞ്ജു വാചാലനായി. വനിതാ ടീം ആദ്യമായി ഏകദിന ലോകകപ്പ് നേടിയതിനും പിന്നാലെ പുരുഷ ടീം നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ മുത്തമിട്ടതും രാജ്യത്തെ സംബന്ധിച്ച് വളരെ സവിശേഷമായ നിമിഷങ്ങളായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, ടീമിന്റെ കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്നും വ്യക്തമാക്കി.
മുൻപ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയ പുലർത്തിയിരുന്ന ആധിപത്യത്തെക്കുറിച്ച് സംസാരിച്ച സഞ്ജു, ഇപ്പോൾ ആ സ്ഥാനത്ത് ഇന്ത്യൻ ടീമാണെന്നും, ചാമ്പ്യന്മാരുടെ മനോഭാവത്തോടെയാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Content Highlights: Indian wicket-keeper batter Sanju Samson drew fascinating parallels between cricket and tennis legends, comparing MS Dhoni's calm demeanor to Roger Federer and Virat Kohli's explosive style to Carlos Alcaraz, while also celebrating India's current dominance in world cricket.