വുഷുവിൽ വെള്ളിത്തിളക്കത്തിൽ റോഷിബിന ദേവി; തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
റോഷിബിന ദേവി | ഫോട്ടോ: ടി.കെ പ്രദീപ് കുമാർ
റോഷിബിന ദേവി | ഫോട്ടോ: ടി.കെ പ്രദീപ് കുമാർ

നാഗോയ: ഏഷ്യൻ ഗെയിംസ് വുഷുവിൽ ഇന്ത്യയുടെ പ്രതീക്ഷകൾ കാത്ത് റോഷിബിന ദേവി വെള്ളി മെഡൽ സ്വന്തമാക്കി. വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിലാണ് റോഷിബിനയുടെ നേട്ടം. ഫൈനലിൽ ചൈനയുടെ ഴാങ് ഷിയാവോയുവിനോട് 0-2 എന്ന സ്‌കോറിന് റോഷിബിന പരാജയപ്പെടുകയായിരുന്നു. ഫൈനലിലേക്കുള്ള യാത്രയിൽ വിയറ്റ്‌നാമിന്റെ 2023 ലോക ചാമ്പ്യനായ എങ്കുയെൻ തി തു തുയിയെ 25-കാരിയായ റോഷിബിന പരാജയപ്പെടുത്തിയിരുന്നു.

ഏഷ്യൻ ഗെയിംസിൽ റോഷിബിന നേടുന്ന തുടർച്ചയായ മൂന്നാം മെഡലാണിത്. 2018-ൽ ജക്കാർത്ത-പലെംബാങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2023-ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളിയും റോഷിബിന നേടിയിരുന്നു.

ദേശീയ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷമാണ് റോഷിബിന ഈ നേട്ടം കൈവരിച്ചത്. തിരഞ്ഞെടുപ്പ് ട്രയൽസിൽ യുവതാരം ദിവ്യാൻഷി ചൗധരിയോട് തോറ്റെങ്കിലും, ദിവ്യാൻഷിക്ക് പരിക്കേറ്റതോടെയാണ് റോഷിബിനയ്ക്ക് ടീമിൽ ഇടം ലഭിച്ചത്. തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ദിവ്യാൻഷി, റോഷിബിനയ്ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു.

ഇത്തവണത്തെ വുഷു മത്സരങ്ങളിൽ ഇന്ത്യൻ ക്യാമ്പിൽ നിന്നുള്ള ഏക മെഡൽ നേട്ടമാണിത്. മറ്റ് സാൻഡ അത്ലറ്റുകളിൽ, പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തിൽ ആര്യൻ ക്വാർട്ടർ ഫൈനലിലും, വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തിൽ അപർണ്ണ റൗണ്ട് ഓഫ് 16-ലും പുറത്തായി. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിക്രാന്ത് ബാലിയാന് ആദ്യ റൗണ്ടിൽ തന്നെ തോൽവി നേരിട്ടു.

തൗലു വിഭാഗത്തിലും ഇന്ത്യൻ താരങ്ങൾക്കൊന്നും മെഡൽ റൗണ്ടിലേക്ക് മുന്നേറാൻ സാധിച്ചില്ല. വനിതകളുടെ നാന്ക്വാൻ, നാൻഡ്വോ ഇവന്റുകളിൽ ലാംഗ്ലെന്റോംബി ദേവി ഹഞ്ചബാം ആകെ 18.839 സ്‌കോർ നേടി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിതകളുടെ ചാങ്ക്വാനിൽ ഞേമാൻ വാങ്‌സു 9.573 സ്‌കോറോടെ 15-ാം സ്ഥാനത്താണ് എത്തിയത്. പുരുഷന്മാരുടെ ചാങ്ക്വാൻ ഫൈനലിൽ മത്സരിച്ച സൂരജ് സിംഗ് മയാങ്‌ലാംബം 11-ാം സ്ഥാനവും നേടി.

Content Highlights: Roshibina Devi won the silver medal in the women's 60kg sanda category at the Asian Games., This marks her third consecutive Asian Games medal after bronze in 2018 and silver in 2023., She lost to China's Zhang Xiaoyu in the final match., She secured this triumph despite prior national team selection controversies.