പലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്റ് പങ്കുവെച്ച് രോഹിതിന്റെ ഭാര്യ റിതിക; രോഷം കടുത്തതോടെ ഡിലീറ്റ് ചെയ്തു

ന്യൂഡല്‍ഹി: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചതിനു പിന്നാലെ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേയ്ക്ക് സൈബറാക്രമണം. 'എല്ലാ കണ്ണുകളും റാഫയിലേക്ക്' എന്ന ചിത്രം സ്റ്റോറിയായി പങ്കുവെച്ചതിനു പിന്നാലെയാണ് ആക്രമണം നേരിട്ടത്. ഇതോടെ റിതിക ചിത്രം ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കം ചെയ്തു.
'എല്ലാ കണ്ണുകളും റാഫയിലേക്ക്' എന്നെഴുതിയ ചിത്രം പങ്കുവെച്ച് നിരവധി പ്രമുഖര്‍ പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. ഈ ചിത്രം റിതികയും സ്റ്റോറിയായി പങ്കുവെച്ചു. റാഫയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ നരനായാട്ടിനു പിന്നാലെയാണ് ഈ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. മേയ് 28-നായിരുന്നു സ്റ്റോറി വെച്ചത്.
ഇതോടെ റിതികയ്ക്ക് കടുത്ത സൈബറാക്രമണം നേരിടേണ്ടിവന്നു. അടിച്ചമര്‍ത്തലുകള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെയുള്ള റിതികയുടെ അപലപനം സെലക്ടീവാകുന്നതിനെ ചിലര്‍ ചോദ്യം ചെയ്തു. ആക്രമണം കടുത്തതോടെ റിതിക സ്‌റ്റോറി ഡിലീറ്റ് ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്, നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, വരുണ്‍ ധവാന്‍, സാമന്ത, തൃപ്തി ദിമ്രി തുടങ്ങിയവരെല്ലാം 'എല്ലാ കണ്ണുകളും റാഫയിലേക്ക്' ചിത്രം പങ്കുവെച്ചിട്ടുണ്ട്.
Content Highlights: ritika sajdeh deletes all eyes on rafah Instagram post after backlash