18 മണിക്കൂറിനിടെ 3 മത്സരങ്ങൾ, വീഡിയോ റിവ്യൂ ഇല്ല; ഏഷ്യൻ ഗെയിംസ് സംഘാടനത്തിനെതിരേ പി.വി. സിന്ധു

നഗോയ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായതിന് പിന്നാലെ, ടൂർണമെന്റ് സംഘാടകരുടെ കടുത്ത മത്സരക്രമത്തിനെതിരെയും സാങ്കേതിക സൗകര്യങ്ങളുടെ അഭാവത്തിനെതിരെയും രൂക്ഷവിമർശനവുമായി ഇന്ത്യൻ സൂപ്പർതാരം പി.വി. സിന്ധു. കടുത്ത മത്സരക്രമം തന്റെ ശാരീരികക്ഷമതയെ ബാധിച്ചുവെന്നും, നിർണായക മത്സരത്തിൽ വീഡിയോ റിവ്യൂ സൗകര്യം ലഭിക്കാതിരുന്നത് തിരിച്ചടിയായെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ താരം വെളിപ്പെടുത്തി.
ലോക നാലാം നമ്പർ താരമായ ചൈനയുടെ ചെൻ യുഫെയ് ഇന്നിനെതിരായ പോരാട്ടത്തിൽ 21-11, 18-21, 10-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യ ഗെയിം 21-11 ന് അനായാസം സ്വന്തമാക്കിയ സിന്ധുവിന്, രണ്ടാം ഗെയിമിൽ 18-18 എന്ന നിലയിൽ നിൽക്കെ എതിരാളി തുടർച്ചയായി മൂന്ന് പോയിന്റുകൾ നേടിയതാണ് തിരിച്ചടിയായത്. മൂന്നാം ഗെയിമിൽ 21-10 ന് വിജയം ഉറപ്പിച്ച് ചെൻ യുഫെയ് സെമിഫൈനലിലേക്ക് മുന്നേറി. നിർണായക നിമിഷങ്ങളിൽ കോർട്ടിലെ ചില അടുത്ത ലൈൻ കോളുകൾ തനിക്ക് അനുകൂലമായി വരാമായിരുന്നുവെന്നും അത് രണ്ടാം ഗെയിമിന്റെ ഗതി മാറ്റുമായിരുന്നുവെന്നും സിന്ധു വിശ്വസിക്കുന്നു. എന്നാൽ സിന്ധു മത്സരിച്ച നാലാം നമ്പർ കോർട്ടിൽ വീഡിയോ റിവ്യൂ (വിആർ) സംവിധാനം ലഭ്യമായിരുന്നില്ല. ഏഷ്യൻ ഗെയിംസിലെ 1, 2 കോർട്ടുകളിൽ മാത്രമാണ് ഈ സാങ്കേതികവിദ്യ ഒരുക്കിയിരുന്നത്.
വീഡിയോ റിവ്യൂവിന്റെ അഭാവത്തിന് പുറമെ അപരിഷ്‌കൃതമായ മത്സരക്രമവും താരത്തിന് കടുത്ത വെല്ലുവിളിയായി. ഏകദേശം 24 മണിക്കൂറിനുള്ളിൽ മൂന്ന് സിംഗിൾസ് മത്സരങ്ങളിലാണ് സിന്ധുവിന് കളിക്കേണ്ടി വന്നത്. ജപ്പാന്റെ തൊമോക്ക മിയാസാക്കിക്കെതിരായ മൂന്നാം റൗണ്ട് മത്സരം ഞായറാഴ്ച പുലർച്ചെ 1:30-നാണ് അവസാനിച്ചത്. തുടർന്ന് 12 മണിക്കൂറിൽ താഴെ മാത്രം ഇടവേളയിലാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിനായി സിന്ധു വീണ്ടും കോർട്ടിലിറങ്ങിയത്. '18 മണിക്കൂറിനുള്ളിൽ മൂന്ന് മത്സരങ്ങൾ. പുലർച്ചെ 3 മണിക്ക് മുറിയിൽ തിരികെയെത്തി, വീണ്ടും രാവിലെ 8:30-ന് കോർട്ടിലേക്ക്. ഇത് വലിയ രീതിയിൽ തളർത്തി,' എന്ന് സിന്ധു വ്യക്തമാക്കി.
ഈ മത്സരക്രമം മറ്റ് പ്രമുഖ താരങ്ങളുടെ പ്രകടനത്തെയും ബാധിച്ചിരുന്നു. ഇന്ത്യയുടെ ഉന്നതി ഹൂഡയ്ക്ക് ഏകദേശം 26 മണിക്കൂറിനിടെ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വരികയും ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ അക്കാനെ യമാഗുച്ചിയോട് തോറ്റ് പുറത്താകേണ്ടി വരികയും ചെയ്തു. ചൈനയുടെ വനിതാ ഡബിൾസ് ലോക ഒന്നാം നമ്പർ താരം ടാൻ നിംഗ് ഷെഡ്യൂൾ നീതിയുക്തമല്ലെന്ന് വിമർശിച്ചപ്പോൾ, ടീം ഇനങ്ങളിൽ കളിച്ച താരങ്ങൾക്ക് ലഭിച്ച കുറഞ്ഞ വിശ്രമസമയത്തെ ഇന്ത്യൻ താരം എച്ച്.എസ്. പ്രണോയും ചോദ്യം ചെയ്തിരുന്നു.
ബാഡ്മിന്റണിൽ കനത്ത തിരിച്ചടി
ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് തിരിച്ചടി. വ്യക്തിഗത ഇനത്തിൽ മെഡലുകൾ ഇല്ലാതെയാണ് താരങ്ങൾ മടങ്ങുന്നത്. 12 വർഷത്തിനിടെ ആദ്യമായാണ് മെഡലില്ലാതെ താരങ്ങൾ വേദി വിടുന്നത്. ഇതിനുമുൻപ് 2014-ലെ ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യയ്ക്ക് വ്യക്തിഗത ഇനത്തിൽ മെഡലൊന്നും ലഭിക്കാതിരുന്നത്. സിംഗിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന രണ്ട് ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു, ഉന്നതി ഹൂഡ എന്നിവരും ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ്, ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യവും ക്വാർട്ടറിൽ പുറത്തായി. ചൈനയുടെ ചെൻ യുഫെയ് ഇന്നാണ് പി.വി. സിന്ധുവിനെ പുറത്താക്കിയത്. (21-11, 18-21, 10-21). ഉന്നതി ഹൂഡയെ ജപ്പാന്റെ അക്കാനെ യമഗുച്ചി തോൽപ്പിച്ചു. (16-21, 21-14, 17-21). ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യത്തെ മലേഷ്യയുടെ പേർലി ടാൻ-തിന്നാഹ് മുരളീധരൻ സഖ്യമാണ് വീഴ്ത്തിയത്. (18-21, 9-21). ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സംഖ്യത്തെ ചൈനയുടെ ഫെങ് യാൻ സെ-ഹുവാങ് ഡോങ്പിങ് സഖ്യവും പരാജയപ്പെടുത്തി. (14-21, 21-18, 18-21). പുരുഷ ടീം നേടിയ വെങ്കലമെഡൽ മാത്രമാണ് ഇന്ത്യക്ക് ഏക ആശ്വാസം.
Content Highlights: PV Sindhu criticized the poor Asian Games scheduling after exiting the quarterfinals., Sindhu had to play three matches within 18 hours, severely impacting her physical stamina., The lack of a video review system on her court affected crucial line calls., India returned without individual badminton medals for the first time in 12 years.