അപരാജിത കുതിപ്പ് തുടർന്ന് പഞ്ചാബ്; മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ വിജയം

മുംബെെ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം. മുംബൈ ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 21 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. ഈ വിജയത്തോടെ കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച് പഞ്ചാബ് പോയിന്റ് പട്ടികയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. മറുവശത്ത്, അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിജയം മാത്രമുള്ള മുംബൈ ഇന്ത്യൻസ് പ്രതിസന്ധിയിലാണ്.
പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരം ടീമിലെത്തിയ ക്വിന്റൺ ഡി കോക്ക് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 60 പന്തിൽ 112 റൺസ് അടിച്ചുകൂട്ടിയ ഡി കോക്ക്, മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡും സ്വന്തമാക്കി. നമൻ ധീർ (50) മികച്ച പിന്തുണ നൽകിയെങ്കിലും, മധ്യനിര തകർന്നത് മുംബൈയ്ക്ക് തിരിച്ചടിയായി. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ് മികവ് കാട്ടി മുംബൈയെ പിടിച്ചുകെട്ടി.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്റെ തുടക്കം അല്പം പതർച്ചയോടെയായിരുന്നു. അല്ലാ ഗസൻഫർ പവർപ്ലേയിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മുംബൈയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ, ഓപ്പണർ പ്രഭ്സിമ്രാൻ സിംഗും (39 പന്തിൽ 80 നോട്ടൗട്ട്) ക്യാപ്റ്റൻ ശ്രേയസ് അയ്യരും (35 പന്തിൽ 66 നോട്ടൗട്ട്) ചേർന്ന് പഞ്ചാബിനെ അനായാസം വിജയത്തിലേക്ക് നയിച്ചു.
Content Highlights: Punjab Kings continue their dominant run in IPL 2026, defeating Mumbai Indians to stay unbeaten after five matches