ദിവസേന ബീഫ് അല്ലെങ്കില്‍ ചിക്കന്‍ കറി; പതിവ് തെറ്റിക്കാതെ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ പഴയിടം എത്തി

#അജ്മല്‍ എന്‍. എസ്
പഴയിടം മോഹനൻ നമ്പൂതിരി | Photo: mathrubhumi archives
പഴയിടം മോഹനൻ നമ്പൂതിരി | Photo: mathrubhumi archives

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ കായികമേളയ്ക്കും ഭക്ഷണമൊരുക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തി. സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. കായിക മേളയായതിനാല്‍ പോഷക സമൃദ്ധമായ ഭക്ഷണം ഒരുക്കേണ്ടത് അനിവാര്യമാണെന്ന് പഴയിടം പറഞ്ഞു. ഇത്തവണത്തെ ഭക്ഷണത്തെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും പഴയിടം മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു.

'കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതില്‍ ഒരുപാട് സന്തോഷം. ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ ഭംഗിയായി നടക്കുകയാണ്. കായിക മേളയ്ക്ക് സാധാരണയായി സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കാറില്ല. കുട്ടികള്‍ക്ക് ആവശ്യമായ കലോറി ലഭ്യമാക്കത്തക്ക വിധത്തില്‍ നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് മെനു. വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ എന്റെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മറ്റൊരു ടീം തയാറാക്കുന്നുണ്ട്.

ബീഫ് കറി അല്ലെങ്കില്‍ ചിക്കന്‍ കറി ദിവസവും ഉണ്ടാകും. ഇഡലി, ദോശ, പുട്ട്, ഇടിയപ്പം, പൂരി തുടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം പാലും മുട്ടയും പഴവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നെ ചായ സമയത്ത് സ്‌നാക്ക്‌സും നല്‍കും. ആദ്യ ദിവസം കുട്ടികള്‍ക്ക് ഉച്ചയ്ക്ക് പായസം നല്‍കുന്നുണ്ട്.

അറുപത് പേരടങ്ങുന്ന സംഘമാണ് അടുക്കളയില്‍ വിഭവങ്ങള്‍ ഒരുക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്താണ് പ്രധാന അടുക്കള ഒരുക്കുന്നത്. പിരപ്പന്‍കോട്, വെള്ളായണി, ജി.വി. രാജ എന്നീ വേദികളില്‍ മൂന്ന് സാറ്റലൈറ്റ് കിച്ചനുമുണ്ട്. എങ്കിലേ എല്ലായിടത്തും കൃത്യമായി ഭക്ഷണം എത്തിക്കാന്‍ സാധിക്കൂ. കാലടി സ്‌കൂള്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേയ്ക്ക് പുത്തരിക്കണ്ടത്ത് നിന്നും ഭക്ഷണം എത്തിക്കും. 20,000 പേര്‍ക്കുള്ള ഭക്ഷണമാണ് ദിവസവും ഒരുക്കുന്നത്', പഴയിടം പറഞ്ഞു.

Content Highlights: Renowned cook Pazhayidom Mohanan Nambudiri returns to prepare nutritious meals for students at the school sports meet, ensuring calorie-rich and wholesome food.