‘വൈറ്റമിൻ ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് ഉത്തേജക മരുന്ന് നൽകി’; കായികാധ്യാപകനെതിരേ ആരോപണം

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം| ഫോട്ടോ: AFP
പ്രതീകാത്മക ചിത്രം| ഫോട്ടോ: AFP

പാലക്കാട്: സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് കായികാധ്യാപകൻ ഉത്തേജകമരുന്ന് നൽകിയെന്ന് ആരോപണം. വൈറ്റമിൻ ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് ഉത്തേജക മരുന്ന് നൽകിയതായി ഒരു കായികതാരത്തിന്റെ അമ്മയാണ് ആരോപണമുന്നയിച്ചത്. പാലക്കാട്ടെ കായികാധ്യാപകൻ ഹരിദാസിനെതിരേയാണ് ആരോപണം.

വൈറ്റമിൻ ഗുളികയെന്ന് പറഞ്ഞ് പരിശീലകൻ ഉത്തേജക മരുന്ന് നൽകിയതായി കായികതാരത്തിന്റെ അമ്മ പറയുന്നു. ‘ഹരിദാസും മകനും കുട്ടികൾക്ക് ഇൻജക്ഷനുൾപ്പെടെ എടുത്തു. എന്ത് ഇൻജക്ഷനാണ് എടുത്തതെന്ന് ചോദിച്ചപ്പോൾ വൈറ്റമിൻ ഇൻജക്ഷനെന്നാണ് പറഞ്ഞത്. കുട്ടികൾക്കെല്ലാം ഇതാണ് നൽകികൊണ്ടിരുന്നത്. എന്ത് മരുന്നാണിതെന്നും എന്ത് ലേബലാണുള്ളതെന്നും അറിയില്ല. കടലാസിൽ പൊതിഞ്ഞാണ് ഇത്തരം ടാബ്ലെറ്റുകൾ കൊടുക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ച പെൺകുട്ടികൾക്ക് പിരീഡ്‌സിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായി.’-കായിക താരത്തിന്റെ അമ്മ പറയുന്നു.

കുട്ടികൾക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്നാണ് ഇത് ഉത്തേജക മരുന്നാണെന്ന കാര്യം അറിയുന്നത്. പിന്നാലെ പരിശീലനം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയെന്നും ഇവർ പറയുന്നു.

അതേസമയം കുട്ടികൾക്ക് ഉത്തേജക മരുന്ന് നൽകിയിട്ടില്ലെന്ന് കായികാധ്യാപകനായ ഹരിദാസ് പ്രതികരിച്ചു. വ്യക്തിവൈരാഗ്യമാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറയുന്നു. ഒട്ടേറെ സ്ഥലങ്ങളിൽ സമാനമായ ആരോപണങ്ങൾ ഉയരുന്നുണ്ട്.

Content Highlights: A student's mother accused sports teacher Haridas of administering doping substances disguised as vitamins