ടെന്നീസ് താരം വിജയ് അമൃതരാജിന് പദ്മഭൂഷൺ, രോഹിത്തിനും ഹർമൻപ്രീത് കൗറിനും പദ്മശ്രീ

ന്യൂഡൽഹി: മുൻ ടെന്നീസ് താരം വിജയ് അമൃത്‌രാജ് പദ്മഭൂഷൺ ബഹുമതി നേടി. ഇന്ത്യൻ പുരുഷ ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനും പദ്മശ്രീ ബഹുമതി. കായികരംഗത്തുനിന്ന് ഒൻപതു പേർക്കാണ് 2026 പദ്മ ബഹുമതികൾ ലഭിച്ചത്.
ബൽദേവ് സിങ്, ഭഗവൻദാസ് റയ്ക്വാർ, കെ. പജനിവേൽ, പ്രവീൺ കുമാർ, ഹോക്കി താരം സവിത പൂനിയ, വ്‌ളാദിമിർ മെസ്റ്റ്വിരിഷ്‌വി എന്നിവർ കായികരംഗത്തുനിന്ന് പദ്മശ്രീ നേടിയവരാണ്.
കേരള മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ, കെ.ടി. തോമസ്, പി. നാരായണൻ എന്നിവർ പദ്മവിഭൂഷൺ ബഹുമതി നേടിയ മലയാളികളാണ്. പദ്മവിഭൂഷൺ നേടിയ ആകെ അഞ്ചുപേരിൽ മൂന്നുപേരും കേരളത്തിൽനിന്നുള്ളവരാണ്. ബോളിവുഡ് താരം ധർമേന്ദ്രന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകി ആദരിച്ചു.
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ (മരണാനന്തര ബഹുമതി), കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക്, ഗായകൻ അൽക്ക യാഗ്നിക്, മഹാരാഷ്ട്ര മുൻ ഗവർണറും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഭഗത് സിങ് കോഷ്യാരി എന്നിവർക്കും പദ്മഭൂഷൺ ലഭിച്ചു. ജെഎൻയു മുൻ വൈസ് ചാൻസലർ ജഗദീഷ് കുമാറിന് പദ്മശ്രീ ലഭിച്ചു.
Content Highlights: padma awards rohit sharma, dharmendra and harmanpreet kaur