ഗുസ്തി താരത്തിന്റെ കൊലപാതകം; വിചാരണ നേരിടാനൊരുങ്ങി സുശീല്‍ കുമാര്‍

ന്യൂഡല്‍ഹി: യുവ ഗുസ്തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ വിചാരണ നേരിടാനൊരുങ്ങുന്നു.
കേസില്‍ സുശീല്‍ കുമാറിനും മറ്റ് 17 പേര്‍ക്കുമെതിരേ കൊലപാതകം, വധശ്രമം, കലാപം, അനധികൃത സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഡല്‍ഹി കോടതി ചുമത്തിയിരിക്കുന്നത്. ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കെതിരെയും ഡല്‍ഹി കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ 2021 മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദനത്തിനിരയായ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ സാഗര്‍ പിന്നീട് മരിച്ചു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ 18 ദിവസത്തിന് ശേഷമാണ് പോലീസ് മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അജയ് കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപയും പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മേയ് പതിനെട്ടിന് ഡല്‍ഹി രോഹിണിയിലെ കോടതിയെ സുശീല്‍ കുമാര്‍ സമീപിച്ചിരുന്നു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സുശീല്‍ കുമാറാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായും സുശീലിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്നും ചൂണ്ടിക്കാട്ടി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ അറസ്റ്റിലായി 48 മണിക്കൂര്‍ പിന്നിട്ടതോടെ റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജരായ സുശീല്‍ കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തിരുന്നു.
മറ്റുള്ള ഗുസ്തി താരങ്ങളുടെ മുന്നില്‍വെച്ച് സാഗര്‍ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. സാഗറിനെ ഒരു പാഠംപഠിപ്പിക്കാന്‍ തീരുമാനിച്ച സുശീലും കൂട്ടരും ഇദ്ദേഹത്തെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടുവന്ന് സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഏരിയയില്‍വെച്ച് മര്‍ദിക്കുകയായിരുന്നു.
Content Highlights: Olympic medalist Sushil Kumar to face trial for murder in Sagar Dhankar case