ഹാൻഡ്ബോൾ ചാമ്പ്യനെ കുടിയിറക്കില്ല; ജപ്തി ഒഴിവാക്കാൻ ഇടപെട്ട് മുഖ്യമന്ത്രി, തുണയായത് മാതൃഭൂമി വാർത്ത

ലോക യൂണിവേഴ്‌സിറ്റി ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ബിജോയ് ജോര്‍ജ് സ്‌പെയിനിലെത്തിയപ്പോള്‍ (ഫയല്‍ ചിത്രം)
ലോക യൂണിവേഴ്‌സിറ്റി ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ബിജോയ് ജോര്‍ജ് സ്‌പെയിനിലെത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

കോഴിക്കോട്: മരണത്തെ തോൽപ്പിച്ച് കളിക്കളത്തിൽ വിജയംനേടിയ ബിജോയ് ജോർജ് ഇനി ജീവിതത്തിന്റെ കോർട്ടിലും പരാജയപ്പെടില്ല. ദേശീയ ഹാൻഡ്‌ബോൾ ചാമ്പ്യന്റെ വീടിന്റെ ജപ്തി ഒഴിവാക്കാനായി ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. കായികമന്ത്രിയുടെ ഓഫീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സാങ്കേതികപ്രശ്‌നത്തിൽ തടസ്സപ്പെട്ടുനിൽക്കുന്ന കായിക ക്വാട്ടയിലെ ജോലിയുടെ കാര്യത്തിലും വേണ്ടനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിങ്കളാഴ്ച 'മാതൃഭൂമി' വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷും 'മാതൃഭൂമി'യോട് പറഞ്ഞു.

2024-ൽ സ്‌പെയിനിൽനടന്ന ലോക യൂണിവേഴ്‌സിറ്റി ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കളിച്ച 11 അംഗ ദേശീയടീമിൽ ബിജോയ് ഉൾപ്പെടെ ഏഴുമലയാളികൾ ഉണ്ടായിരുന്നു.

അതിനുള്ള ചെലവിനായി പണയപ്പെടുത്തിയ ബിജോയിയുടെ വീടിനാണ് ബാങ്കിൽനിന്ന് ജപ്തിനോട്ടീസ് ലഭിച്ചത്. ടീമിലെ മറ്റുള്ളവർക്ക് സംസ്ഥാനസർക്കാരുകൾ പണം നൽകിയപ്പോൾ ഇവർക്കുമാത്രം ഒന്നും നൽകിയിരുന്നില്ല.