അക്തറിന്റെ പന്തുകള്‍ അടിക്കാന്‍ ഈസിയല്ലേ? ഇന്ത്യ - പാക് മത്സരം കണ്ട കൈഫിന്റെ മകന് സംശയം

ന്യൂഡല്‍ഹി: പ്രതാപ കാലത്ത് തന്റെ വേഗം കൊണ്ടും സ്വിങ് കൊണ്ടും ബാറ്റ്‌സ്മാന്‍മാരേ നന്നേ ബുദ്ധിമുട്ടിച്ച താരമാണ് പാകിസ്താന്‍ പേസര്‍ ഷുഐബ് അക്തര്‍.
എന്നാല്‍ ഈ പറയുന്നതുപോലെയൊന്നും ഇല്ല അക്തറിന്റെ പന്തുകള്‍ അടിക്കാന്‍ എളുപ്പമാല്ലേയെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ മകന്‍ കബീറിന്റെ സംശയം. അക്തറിന്റെ പന്തുകളുടെ വേഗം തന്നെയാണ് കബീര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്ത 2003 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സരം കാണുന്നതിനിടെയാണ് കൈഫിന്റെ മകന്‍ ഈ സംശയം ഉന്നയിച്ചത്. കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് കായിക മത്സരങ്ങളെല്ലാം നിര്‍ജീവമായ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് ചാനലുകളെല്ലാം തന്നെ മുന്‍കാല മത്സരങ്ങള്‍ പുനഃസംപ്രേക്ഷണം ചെയ്യുന്നുണ്ട്.
മകനൊപ്പം കഴിഞ്ഞ ദിവസം പാകിസ്താനെതിരായ മത്സരം കാണുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച കൈഫ് തന്നെയാണ് മകന്റെ സംശയത്തെ കുറിച്ച് സൂചിപ്പിച്ചത്.
'സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയ്ക്ക് നന്ദി. ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യ - പാക് മത്സരം കാണാന്‍ കബീറിന് അവസരം കിട്ടി. എന്നാല്‍ പപ്പയുടെ കാര്യത്തില്‍ ജൂനിയര്‍ അത്ര തൃപ്തനല്ല, ഷുഐബ് അക്തറിന്റെ പന്തുകള്‍ക്ക് നല്ല വേഗമുള്ളതിനാല്‍ അടിക്കാന്‍ എളുപ്പമല്ലേ എന്നാണ് അവന്‍ പറയുന്നത്', കൈഫ് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങളില്‍ വെച്ച് ഏറ്റവും മികച്ച പോരാട്ടത്തിനാണ് 2003-ല്‍ സെഞ്ചൂറിയന്‍ വേദിയായത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സുകളിലൊന്ന് കണ്ട മത്സരം ആറു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ സയീദ് അന്‍വറിന്റെ (101) സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സച്ചിന്‍ വെടിക്കെട്ട് ഇന്നിങ്‌സിന് തിരികൊളുത്തിയതോടെ വാഖാര്‍ യൂനിസ്, വസീം അക്രം, ഷുഐബ് അക്തര്‍, അബ്ദുള്‍ റസാഖ് എന്നിവരടങ്ങിയ പേരുകേട്ട പാക് പേസ് നിര നന്നായി തല്ലുവാങ്ങി.
എന്നാല്‍ സെവാഗിനെയും ഗാംഗുലിയേയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി വഖാര്‍ ഇന്ത്യയെ ഞെട്ടിച്ചു. തുടര്‍ന്ന് നാലാം വിക്കറ്റില്‍ സച്ചിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ കൈഫ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. 60 പന്തില്‍ അഞ്ചു ഫോറുകളടക്കം 35 റണ്‍സെടുത്താണ് കൈഫ് മടങ്ങിയത്. 75 പന്തില്‍ 12 ഫോറും ഒരു സിക്‌സുമടക്കം 98 റണ്‍സെടുത്ത സച്ചിനെ ഒടുവില്‍ അക്തര്‍ തന്നെ പുറത്താക്കുകയായിരുന്നു. പിന്നീട് ദ്രാവിഡും (44*), യുവരാജ് സിങ്ങും (50*) ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിച്ചു.
Content Highlights: Mohammad Kaif's son Kabir believes that hitting Shoaib Akhtar is not difficult
Content Highlights: