അന്തരിച്ചത് എഴുത്തുകാരൻ മൈക്കൽ ഷൂമാക്കർ; ആദരാഞ്ജലികൾ എഫ് വൺ ഇതിഹാസത്തിന്

ന്യൂയോർക്ക്: ജീവചരിത്ര പുസ്തകങ്ങളിലൂടെ പ്രശസ്തനായ വിസ്‌കോൺസിനിലെ എഴുത്തുകാരൻ മൈക്കൽ ഷൂമാക്കർ അന്തരിച്ചു. ഡിസംബർ 29-ാം തീയതി തന്റെ 75-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മകൾ എമിലി ജോയ് ഷൂമാക്കറാണ് വാർത്ത സ്ഥിരീകരിച്ചത്. ഫ്രാൻസിസ് ഫോർഡ് കൊപ്പോള: എ ഫിലിംമേക്കേഴ്സ് ലൈഫ്, ക്രോസ്റോഡ്സ്: ദി ലൈഫ് ആൻഡ് മ്യൂസിക് ഓഫ് എറിക് ക്ലാപ്ടൺ, ബീറ്റ് കവി അലൻ ഗിൻസ്ബെർഗിന്റെ ജീവചരിത്രമായ ധർമ്മ ലയൺ തുടങ്ങിയ പ്രശംസ നേടിയ കൃതികൾ രചിച്ചത് ഷൂമാക്കറാണ്.
എന്നാൽ, ഇദ്ദേഹത്തിന്റെ മരണം സോഷ്യൽ മീഡിയയിൽ വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയത്. മൈക്കൽ ഷൂമാക്കർ അന്തരിച്ചു എന്ന് കേട്ടതോടെ മുൻ ഫോർമുല വൺ ചാമ്പ്യനായ മൈക്കൽ ഷൂമാക്കറാണ് മരിച്ചതെന്നാണ് പലരും കരുതിയത്. പേരിലെ സാമ്യം ഓൺലൈനിൽ വ്യാപകമായ ആശയക്കുഴപ്പത്തിനാണ് വഴിവെച്ചത്.
ഇതോടെ റേസിങ് ഇതിഹാസത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞു. ഏറെ വൈകിയാണ് മരിച്ചത് എഴുത്തുകാരൻ മൈക്കൽ ഷൂമാക്കറാണെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത്.
ഏഴുതവണ ഫോർമുല വൺ ചാമ്പ്യനായ മൈക്കൽ ഷൂമാക്കർ 2013-ൽ സംഭവിച്ച ഒരു അപകടത്തെ തുടർന്ന് കോമയിലായിരുന്നു. താരം ഇപ്പോൾ സ്വകാര്യ ജീവിതം നയിക്കുകയാണ്. ഫ്രാൻസിലെ ആൽപ്‌സിൽ സ്‌കീയിങ് നടത്തുന്നതിനിടെ ഷൂമാക്കർ തലയടിച്ച് വീഴുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റതോടെ ഓർമകളും നശിച്ചു. പിന്നീട് ഷൂമാക്കറുടെ ആരോഗ്യത്തെ കുറിച്ച് പലതരത്തിലുള്ള വാർത്തകളും പ്രചരിച്ചുവെങ്കിലും കുടുംബം അതെല്ലാം നിഷേധിച്ചു. ഷൂമാക്കറുടെ ആരോഗ്യനില വെളിപ്പെടുത്താത്തതിനെ തുടർന്ന് കുടുംബത്തിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു.
1991-ൽ ജോർദൻ ടീമിനു വേണ്ടിയാണ് ഷുമാക്കർ എഫ് വണ്ണിൽ അരങ്ങേറുന്നത്. 1996-ൽ ഭാഗ്യ ടീമായ ഫെരാരിയിലെത്തി. 2000 മുതൽ 2004 വരെ എഫ് വൺ സർക്യൂട്ടിൽ ഷൂമാക്കർക്ക് എതിരാളികൾ ഇല്ലായിരുന്നു. 2004-ൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയമെന്ന (13) റെക്കോർഡോടെ കിരീടം നേടി.
Content Highlights: Acclaimed author Michael Schumacher, known for biographies, passed away at 75. Confusion arose with the F1 legend. Read more about his celebrated works.