ഗാലറിയിൽ കുരങ്ങൻ, പക്ഷി കാഷ്ഠിച്ചതോടെ കളി മുടങ്ങി; ഇത് കഠിനമെന്ന് വനിതാ താരം

ന്യൂഡൽഹി: ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിലെ അസൗകര്യങ്ങളിൽ കടുത്ത വിമർശനവുമായി ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽറ്റ്. ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ സാഹചര്യങ്ങളിലും കോർട്ടിലെ വൃത്തിക്കുറവും ചൂണ്ടിക്കാട്ടിയാണ് താരം അതൃപ്തി പ്രകടിപ്പിച്ചത്. ഇവിടെ ഒരു ലോക ചാമ്പ്യൻഷിപ്പ് നടത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു.
"ഇന്ത്യയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ മോശമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിലും മോശം. നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങൾ അംഗീകരിക്കാനാവാത്തതും പ്രൊഫഷണലല്ലാത്തതുമാണ്." - അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
"കളിക്കളത്തിലും പുറത്തും തയ്യാറെടുപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇവിടെ മികച്ച പ്രകടനം നടത്തുകയും ആണ് ഞങ്ങളുടെ ലക്ഷ്യം. നിർഭാഗ്യവശാൽ, ഈ സാഹചര്യങ്ങളിൽ മത്സരിക്കുന്നതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. ടൂർണമെന്റിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളിൽ എല്ലാവരും സമ്മർദത്തിലും നിരാശയിലുമാണ്. ആദ്യം, നിങ്ങൾ തമാശയായി എടുക്കാനാണ് ശ്രമിച്ചത്. എന്നാൽ കളിക്കാർക്കോ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആർക്കും ഇത് രസകരമായ ഒന്നല്ല."
ഭാവിയിൽ ഇന്ത്യയിൽ മത്സരം നടത്തുമ്പോൾ കളിക്കാർക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കുറിച്ചു. നേരത്തേ ഗാലറിയിൽ കുരങ്ങനെ കണ്ടതും പക്ഷികൾ വിസർജിച്ചതിനെ തുടർന്ന് കളി തടസ്സപ്പെട്ടതും വൻ ചർച്ചയായിരുന്നു. കളിക്കാർ ഒട്ടേറെ തവണ പരാതിപ്പെടുകയും ചെയ്തു. സീലിങ്ങിൽനിന്ന് പക്ഷികൾ വിസർജിച്ചതിനെത്തു തുടർന്ന് കഴിഞ്ഞദിവസം രണ്ടുതവണ കളി തടസ്സപ്പെട്ടു. മലയാളി താരം എച്ച്.എസ്. പ്രണോയിയും സിങ്കപ്പൂരിൻ്റെ മുൻ ലോകചാമ്പ്യൻ ലോഹ് കിയാൻ യൂവും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരത്തിനിടെയാണ് സംഭവം.
ഇതോടെ ആദ്യ ഗെയിം നേടി മുന്നിൽനിൽക്കുകയായിരുന്ന പ്രണോയിയുടെ താളം പിഴച്ചു. അടുത്ത രണ്ടു ഗെയിമും നേടി സിങ്കപ്പൂർ താരം ജയിച്ചു (21-18, 19-21, 14-21). മത്സര ഒഫീഷ്യലുകൾ കളിക്കളം വൃത്തിയാക്കിയശേഷമാണ് രണ്ടുതവണയും കളി പുനരാരംഭിച്ചത്. ബുധനാഴ്ച ഗാലറിയിൽ കുരങ്ങൻ കയറിയതും സംഘാടകരെ വെട്ടിലാക്കിയിരുന്നു.
Content Highlights: Days In India Have Been Tough says Denmark Badminton Star