ഭാര്യയുടെ ബാഗേജ് എടുക്കുന്നത് സ്റ്റുവര്‍ട്ട് ബിന്നിയോ? പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി മായന്തി

Image Courtesy: twitter
Image Courtesy: twitter

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ സ്റ്റുവര്‍ട്ട് ബിന്നിയെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി മോഡലും ടിവി അവതാരകയുമായ മായന്തി ലാങ്ങര്‍.

ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മായന്തി പങ്കുവെച്ച ഒരു ചിത്രത്തിനു താഴെ ഒരാള്‍ ഭര്‍ത്താവായ സ്റ്റുവര്‍ട്ട് ബിന്നിയെ കുറിച്ച് ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്റ്റുവര്‍ട്ട് ബിന്നി ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചയാള്‍ക്ക് മറുപടിയായി ബിന്നി മായന്തിയെ ബാഗേജ് ചുമക്കാന്‍ സഹായിക്കുകയാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

ഉടനെത്തി മായന്തിയുടെ മറുപടി. ബാഗ് ചുമക്കാന്‍ തനിക്കറിയാമെന്നു പറഞ്ഞ മായന്തി, ബിന്നി ക്രിക്കറ്റൊക്കെയായി നല്ലരീതിയില്‍ മുന്നോട്ടുപോകുകയാണെന്നും അല്ലാതെ തീരേ പരിചയമില്ലാത്ത ആളുകളെ കുറിച്ച് കമന്റ് പറയുകയല്ലെന്നും കുറിച്ചു.

മായന്തിയുടെ മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മുന്‍പും ഇത്തരത്തില്‍ ബിന്നിയെ കളിയാക്കി മായന്തിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കമന്റുകള്‍ വരാറുണ്ട്.

മോഡലും ടിവി അവതാരകയുമായ മായന്തി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലെ നിറസാന്നിധ്യം കൂടിയാണ്. നിരവധി ആരാധകരും മായന്തിക്കുണ്ട്. എന്നാല്‍ മറുവശത്ത് ക്രിക്കറ്ററെന്ന നിലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കാത്ത താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. മുന്‍ താരം റോജര്‍ ബിന്നിയുടെ മകനായ സ്റ്റുവര്‍ട്ട് ബിന്നി, ദേശീയ ടീമില്‍ അവസരം ലഭിച്ചിട്ടും അത് നിലനിര്‍ത്താന്‍ സാധിക്കാത്ത താരമാണ്.

2014 ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്കായി അരങ്ങേറിയ താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. 2016 ഓഗസ്റ്റിലാണ് അവസാനമായി ദേശീയ ജേഴ്‌സിയില്‍ കളിച്ചത്.

Content Highlights: Mayanti Langer gave a fitting reply to a troll on Twitter

Content Highlights: