ലൂയിസ് ഹാമില്‍ട്ടന്‍ ഫെരാരിയിലേക്കെന്ന് റിപ്പോര്‍ട്ട്; മെഴ്‌സിഡസില്‍നിന്ന് കൂടുമാറ്റം

ഏഴുതവണ ലോകചാമ്പ്യനായ ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടന്‍ മെഴ്‌സിഡസ് വിട്ട് ഫെരാരിയിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. 2025 ഫോര്‍മുല വണ്‍ സീസണില്‍ ഫെരാരിയിലേക്ക് മാറുമെന്നാണ് സൂചന. മെഴ്‌സിഡസുമായുള്ള നിലവിലെ കരാര്‍ 2025 വരെയുണ്ട്. എന്നാല്‍ കരാര്‍ അവസാനിക്കുന്നതിനു മുന്നേതന്നെ മെഴ്‌സിഡസ് വിടുമെന്ന് സ്‌കൈ സ്‌പോര്‍ട്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2024, 2025 എന്നിങ്ങനെ രണ്ട് സീസണുകളിലായാണ് ഹാമില്‍ട്ടന്‍ മെഴ്‌സിഡസുമായി കരാര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു സീസണ്‍ അവസാനിക്കുമ്പോള്‍ തന്നെ അദ്ദേഹം ടീം വിടുകയാണ്. ഫെരാരി 2019-ല്‍ തന്നെ അവര്‍ക്കൊപ്പം ഭാവിയില്‍ ചേരുന്നതിനുവേണ്ടി ഹാമില്‍ട്ടനുമായി സംസാരിച്ചിരുന്നു. എന്നാല്‍, 2025-ല്‍ ഫെരാരിക്കൊപ്പം ചേരുമെന്നോ ഇല്ലെന്നോ ഹാമില്‍ട്ടന്‍ വ്യക്തമാക്കിയിരുന്നില്ല. ഫെരാരിയോ മെഴ്‌സിഡസോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
ഫെരാരിയില്‍ കാര്‍ലോസ് സെയിന്‍സിന് പകരക്കാരനായാണ് ഹാമില്‍ട്ടന്‍ എത്തുക. ഏഴുതവണ ലോകചാമ്പ്യനായ താരം, എഫ്.വണ്‍ ലോക ചരിത്രത്തില്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ ഡ്രൈവറാണ്. മൈക്കിള്‍ ഷൂമാക്കര്‍ മാത്രമാണ് ഏഴുതവണ ലോകചാമ്പ്യനായ മറ്റൊരു താരം.
ബഹ്‌റൈനിലാണ് 2024-ലെ എഫ്.വണ്‍ മത്സരങ്ങള്‍. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണിത്. 39-കാരനായ ഹാമില്‍ട്ടന്‍ 2021-ന് ശേഷം ഒരു റെയ്‌സ് ജയിച്ചിട്ടില്ല. മെഴ്‌സിഡസില്‍ 2013-ലാണ് ചേര്‍ന്നത്. അതിനുശേഷമാണ് ആറ് ലോക ചാമ്പ്യന്‍ഷിപ്പ് നേടിയത്.
Content Highlights: lewis hamilton to leave mercedes and join ferrari