സായി ട്രയല്‍സില്‍ പങ്കെടുക്കാതെ കമ്പളപ്പാടത്തെ 'ബോള്‍ട്ട്'; കാരണം പരിക്കോ?

Image Courtesy: Twitter
Image Courtesy: Twitter

ബെംഗളൂരു: കമ്പള (പോത്തോട്ടം) മത്സരത്തില്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന 'വേഗം' കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ കമ്പള ജോക്കി (പോത്തോട്ടക്കാരന്‍) ശ്രീനിവാസ ഗൗഡ സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയയുടെ (സായി) കായികക്ഷമതാ പരിശോധനയില്‍ പങ്കെടുത്തില്ല.

''അദ്ദേഹം (ശ്രീനിവാസ ഗൗഡ) മുഖ്യമന്ത്രിയെ കാണുന്നതിനായി തിങ്കളാഴ്ച ബെംഗളൂരുവില്‍ എത്തിയിരുന്നു. സായിയുടെ ഒരു ടീം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഗൗഡയോട് സംസാരിക്കുകയും അദ്ദേഹത്തെ സായി സെന്ററിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് പരിക്കുണ്ടായിരുന്നുവെന്ന് തോന്നുന്നു'', സായി അധികൃതരിലൊരാള്‍ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തില്‍ നടന്ന കമ്പള മത്സരത്തിലായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ പ്രകടനം. ഇത് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് മറികടക്കുന്നതാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു നേരിട്ടിടപെട്ട് സായിയില്‍ ട്രയല്‍സിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

കമ്പള ജോക്കി (പോത്തോട്ടക്കാരന്‍) ശ്രീനിവാസ ഗൗഡ

13.62 സെക്കന്‍ഡുകൊണ്ട് 145 മീറ്റര്‍ ദൂരം പിന്നിട്ടതുവെച്ച് കണക്കാക്കുമ്പോള്‍ ശ്രീനിവാസ ഗൗഡ 100 മീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്തത് വെറും 9.55 സെക്കന്‍ഡാണെന്നാണ് റിപ്പോര്‍ട്ട്. 100 മീറ്ററില്‍ ലോകറെക്കോഡിന് ഉടമയായി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്.

നേരത്തെ കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്നും കമ്പള മത്സരത്തില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ശ്രീനിവാസ ഗൗഡ സായ് അധികൃതരെ അറിയിച്ചിരുന്നു. ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാമ്പ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നും ഗൗഡ പറഞ്ഞിരുന്നു. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Kambala buffalo race jockey Srinivas Gowda refuses to undergo SAI trials

Content Highlights: