ഐ.പി.എൽ.: ഗുജറാത്ത് ടൈറ്റൻസിന് 164 റൺസ് ലക്ഷ്യം, ജേസൺ ഹോൾഡറിന് നാല് വിക്കറ്റ്

അഹമ്മദാബാദ്: ആദ്യ ഓവറിൽ പേസർ മുഹമ്മദ് സിറാജ് ഏൽപ്പിച്ച ഇരട്ട പ്രഹരം, പിന്നെ ജേസൺ ഹോൾഡറിന്റെ നാല് വിക്കറ്റ് പ്രകടനം. കൂട്ടിന് ഇരട്ടവിക്കറ്റുമായി കാഗീസോ റബാഡയും. പഞ്ചാബ് കിങ്‌സിനെ വമ്പൻ സ്‌കോറിലേക്ക് പോകാതെ തടഞ്ഞുനിർത്താൻ ഗുജറാത്ത് ടൈറ്റൻസിനെ സഹായിച്ചത് പേസർമാരുടെ കരുത്തായിരുന്നു. ഐ.പി.എൽ. ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 163 റൺസ്. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് മൂന്ന് ഓവറിൽ ഒരു വിക്കറ്റിന് 25 റൺസെടുത്തിട്ടുണ്ട്.
ആറാമനായി എത്തി മിന്നൽ വേഗത്തിൽ അർധശതകം നേടിയ സൂര്യാൻഷ് ഷെഡ്ജിന്റെ പ്രകടനമാണ് പഞ്ചാബിന് തുണയായത്. 29 പന്തിൽ 57 റൺസാണ് താരം നേടിയത്. 31 പന്തിൽ 40 റൺസടിച്ച മാർക്കസ് സ്റ്റോയ്‌നിസും തിളങ്ങി.
ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ പ്രിയാൻഷ് ആര്യയെയും(രണ്ട്), തൊട്ടടുത്ത പന്തിൽ കൂപ്പൺ കൊണോലിയെയും (പൂജ്യം) പുറത്താക്കി സിറാജ് പഞ്ചാബിനെ തുടക്കത്തിലേ സമ്മർദത്തിലാക്കി. പിന്നാലെ പ്രഭ് സിമ്രാൻ സിങിനെ (15) റബാഡയും നേഹാൽ വധേരയെയും (പൂജ്യം) ശ്രേയസ് അയ്യരെയും (19), ജേസൺ ഹോൾഡറും പുറത്താക്കിയതോടെ പഞ്ചാബ് അഞ്ചിന് 47 എന്ന എന്ന നിലയിലായി. അവിടെനിന്നാണ് ഷെഡ്ജും സ്‌റ്റോയ്‌നിസും രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ആറാം വിക്കറ്റിൽ 44 പന്തിൽ 79 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. 14-ാം ഓവറിൽ മാനവ് സൂതറിനെ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 27 റൺസിന് ശിക്ഷിച്ച് ഷെഡ്ജ് ആക്രമണമൂഡിലേക്ക് മാറി. 24 പന്തിൽ താരം അർധസെഞ്ചുറിയിലുമെത്തി. ഒടുവിൽ റബാഡയുടെ പന്തിലാണ് യുവതാരം വീണത്. അഞ്ച് സിക്സും മൂന്ന് ഫോറുമുള്ള ഇന്നിങ്‌സ്. സ്‌റ്റോയ്‌നിസും മാർക്കോ യാൻസനും (11 പന്തിൽ 40) പൊരുതിയതോടെ പഞ്ചാബ് മോശമല്ലാത്ത സ്‌കോറിലേക്കെത്തി. തന്റെ നാലാം ഓവറിൽ രണ്ട് വിക്കറ്റും കൂടി വീഴ്ത്തിയാണ് ഹോൾഡർ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 24 റൺസാണ് താരം വിട്ടുകൊടുത്തത്. മുഹമ്മദ് സിറാജ് 28 റൺസിനും റബാഡ 22 റൺസിനുമാണ് രണ്ട് വീതം വിക്കറ്റെടുത്തത്.
Content Highlights: Punjab Kings finished at 163/9 in 20 overs., Mohammed Siraj took early double-wickets to put Punjab under pressure., Jason Holder delivered a standout performance with 4 wickets., Suryansh Shedge scored a quick 57 off 29 balls to stabilize the innings., Gujarat Titans responded with 25/1 in 3 overs.