ഗുജറാത്തിനോട് പരാജയം, ചെന്നൈ പുറത്ത്

അഹമ്മദാബാദ്: വൻതോൽവിയോടെ ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എൽ. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായി. വ്യാഴാഴ്ചനടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 89 റൺസിനാണ് തോൽപ്പിച്ചത്. ജയത്തോടെ ഗുജറാത്ത് ടൈറ്റൻസും പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ക്വാളിഫെയർ വൺ ഏതാണ്ട് ഉറപ്പിച്ചു.
ആദ്യം ബാറ്റ്ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാലുവിക്കറ്റിന് 229 റൺസെടുത്തു. ചെന്നൈയുടെ മറുപടി 13.4 ഓവറിൽ 140 റൺസിന് അവസാനിച്ചു. ചെന്നൈ ഏഴാം സ്ഥാനത്താണ്.
ബെംഗളൂരുവിനും ഗുജറാത്തിനും 18 പോയിന്റ്‌വീതമാണുള്ളത്. രണ്ടുടീമിനും മികച്ച റൺറേറ്റുണ്ട്. ഇതാണ് അനുകൂലമായഘടകം. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനും ക്വാളിഫയർ വൺ സാധ്യത നിലനിൽക്കുന്നുണ്ട്. ബെംഗളൂരുവിനെതിരേ വൻ മാർജിനിൽ ജയിച്ചാൽ എസ്ആർച്ചിനും ക്വാളിഫയർ വൺ സ്പോട്ട് ഉറപ്പിക്കാം.
ചെന്നൈ ബാറ്റിങ്ങിൽ 17 പന്തിൽ 47 റൺസെടുത്ത ശിവംദുബെയാണ് ടോപ് സ്കോറർ. സഞ്ജു സാംസൺ (പൂജ്യം), മാത്യു ഷോർട്ട് (24), ഋതുരാജ് ഗെയ്ക്‌വാദ് (16), ഉർവിൽ പട്ടേൽ (പൂജ്യം), കാർത്തിക് ശർമ (19) എന്നിവർ പെട്ടെന്ന് മടങ്ങി. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കാഗീസോ റബാഡ, റാഷിദ് ഖാൻ എന്നിവർ മൂന്നുവീതം വിക്കറ്റെടുത്തു. ഓപ്പണർമാരായ സായ് സുദർശനും ശുഭ്മൻഗിലും പതിവുപോലെ തകർപ്പൻ ഫോമിലേക്കുയർന്നതോടെയാണ് ഗുജറാത്ത് ടൈറ്റൻസ് കൂറ്റൻ സ്കോറിലെത്തിയത്. മിന്നുന്ന ഫോമിൽ കളിക്കുന്ന സായ് സുദർശൻ 53 പന്തിൽ 84 റൺസോടെ ടോപ് സ്കോററായി. ഗിൽ 37 പന്തിൽ 64 റൺസെടുത്തു. ജോസ് ബട്‌ലറും അർധസെഞ്ചുറി (27 പന്തിൽ 57) നേടി.
ഐ.പി.എൽ. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സ് വഴങ്ങുന്ന ബൗളറായി ചെന്നൈയുടെ അൻഷുൽ കാംബോജ്. 34 സിക്‌സുകളാണ് വഴങ്ങിയത്.
Content Highlights: Gujarat Titans stormed into Qualifier 1 alongside Royal Challengers Bengaluru after a massive 89-run victory over Chennai Super Kings, bowling out a struggling CSK for 140 runs to officially knock them out of the IPL 2026 playoff race.