കൈവണ്ടി വലിക്കുന്ന ആളുടെ മകള്‍, ഇന്ത്യയുടെ സൂപ്പർസ്റ്റാർ; റാണി രാംപാല്‍ വിരമിച്ചു, ഒപ്പം ജെഴ്‌സിയും

ന്യൂഡല്‍ഹി: പട്ടണിയോടും എതിര്‍പ്പുകളോടും പടവെട്ടി ഇന്ത്യന്‍ വനിതാ ഹോക്കിയുടെ സൂപ്പര്‍സ്റ്റാറായി വളര്‍ന്ന ഇന്ത്യൻ ടീം മുൻ ക്യാപ്റ്റന്‍ റാണി രാംപാല്‍ മത്സരരംഗത്ത് നിന്ന് വിരമിച്ചു. 16 വര്‍ഷംനീണ്ട കരിയറിനാണ് 29-കാരിയായ സ്‌ട്രൈക്കര്‍ വിരാമമിടുന്നത്. റാണിയോടുള്ള ബഹുമാനസൂചകമായി റാണി ധരിച്ചിരുന്നു ഇരുപത്തിയെട്ടാം നമ്പര്‍ ജെഴ്‌സിക്കും ഹോക്കി ഇന്ത്യ റിട്ടയര്‍മെന്റ് നല്‍കി. ഈ നമ്പര്‍ ഇനി ഒരു താരത്തിനും നല്‍കില്ല.
ഇന്ത്യക്കായി 254 മത്സരം കളിക്കുകയും 205 ഗോളും നേടുകയും ചെയ്ത റാണിയെ രാജ്യം ഖേല്‍രത്‌ന പുരസ്‌കാരവും പദ്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. ടോക്യോ ഒളിമ്പിക്‌സില്‍ നാലാംസ്ഥാനത്തെത്തിയ ടീമിനെ നയിച്ചത് റാണിയായിരുന്നു.
ഹരിയാണയിലെ കുരുക്ഷേത്രയില്‍ ജനിച്ച റാണിയെ ജീവിതത്തില്‍ വരവേറ്റത് കടുത്ത ദാരിദ്ര്യമായിരുന്നു. ഗ്രാമത്തില്‍ കൈവണ്ടി വലിക്കുന്ന ജോലിയായിരുന്നു അച്ഛന്. പകലന്തിയോളം പണിയെടുത്താല്‍ നൂറ് രൂപ കൂലി കിട്ടിയാലായി. ഇതും കാത്ത് വീട്ടില്‍ ഭാര്യം മൂന്ന് മക്കളുമുണ്ട്. പട്ടിണിയും ദാരിദ്ര്യവുമായിരുന്നു വീട്ടിലെങ്കിലും റാണി കണ്ടത് വലിയ സ്വപ്‌നമാണ്. ആറാം വയസ് മുതല്‍ തന്നെ അവള്‍ ഹോക്കി കളിച്ചുതുടങ്ങി. കുട്ടിക്കുപ്പായമിട്ട് കളിക്കുന്നതിനോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നെങ്കിലും അവളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അവര്‍ വഴങ്ങി. ഈ കളി കൊണ്ടുതന്നെ താന്‍ വീടിനെ കരകയറ്റുമെന്ന് അവള്‍ ദൃഢപ്രതിജ്ഞ ചെയ്തു. അങ്ങനെ അവര്‍ മകളുടെ കായികസ്വപ്‌നത്തിനൊപ്പം നിന്നു. കിട്ടുന്നതെല്ലാം അവര്‍ സ്വരുക്കൂട്ടിവെച്ച് മകള്‍ക്ക് നല്‍കി.
അവള്‍ നിരാശപ്പെടുത്തിയില്ല. ഇല്ലായ്മകളെയും എതിര്‍പ്പുകളെയും മറികടന്ന് അവള്‍ ഹോക്കി കളിച്ച് വളര്‍ന്നു. പതിനാലാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായി ദേശീയ ടീമില്‍ ഇടം നേടി. 2009 ചാമ്പ്യന്‍സ് ചാലഞ്ച് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റഷ്യയ്‌ക്കെതിരേ നാല് ഗോള്‍ നേടി ലോകശ്രദ്ധ പിടിച്ചുപറ്റി. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മികച്ച യുവതാരവുമായി. 2010ല്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ റാങ്കിങ് പത്തിലെത്തിച്ചു. ടീമിന് ജൂനിയര്‍ ലോകകപ്പ് മെഡലും ഏഷ്യന്‍ കപ്പും നേടിക്കൊടുത്തു. മുപ്പത്തിയാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിക്കൊടുത്തു. ടോക്യോയില്‍ ടീമിനെ നയിച്ച് നാലാം സ്ഥാനത്തെത്തിച്ച് ചരിത്രം കുറിക്കുകയും ചെയ്തു. സെമിയിലെ തോല്‍വിയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്നും ടോക്യോയില്‍ മെഡല്‍ നേടുകയായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും പിന്നീട് റാണി പറഞ്ഞിരുന്നു.
കുട്ടിക്കാലത്ത് ഇല്ലായ്മകളോട് പടപെരുതിയ റാണിയുടെ ഇന്നത്തെ ആസ്തി ഏതാണ്ട് നാലപത് കോടി രൂപയാണ്. ഇന്ന് വളര്‍ന്നുവരുന്ന ഏതൊരു വനിതാ കായികതാരത്തിന്റെയും പ്രേരണയും പ്രചോദനവുമാണ് റാണി. എന്നാല്‍, കോച്ച് ജാനെക് സ്‌കോപ്മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 2023 മുതല്‍ റാണി ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടില്ല. തന്നെ കാരണം കൂടാതെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ റാണി പരസ്യമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ഹോക്കി ലീഗിലെ ടീം സൂര്‍മയുടെ മെന്ററും ദേശീയ വനിതാ സബ് ജൂനിയര്‍ ടീമിന്റെ പരിശീലകയുമാണ് റാണി.
Content Highlights: indian hockey player rani rampal, tokyo olympics, life story, humble life, inspiring life story