മെഡൽ തിളക്കത്തോടെ വീണ്ടും വിദർശ; വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
ആഷി ചൗക്‌സി, വിദര്‍ശ വിനോദ്, തിലോത്തമ സെന്‍ | Photo: x.com/BoriaMajumdar/
ആഷി ചൗക്‌സി, വിദര്‍ശ വിനോദ്, തിലോത്തമ സെന്‍ | Photo: x.com/BoriaMajumdar/

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുകയാണ്. തിലോത്തമ സെൻ, വിദർശ വിനോദ്, ആഷി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് രാജ്യത്തിനായി ഈ നേട്ടം കൈവരിച്ചത്. 

വിദർശയുടെ രണ്ടാമത്തെ വെള്ളി മെഡലാണിത്. നേരത്തെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ എളവേണിൽ വാളറിവനും സോനം മസ്‌കറിനുമൊപ്പം വിദർശ വെള്ളി നേടിയിരുന്നു.

50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ 1763 പോയന്റ് നേടിയാണ് ഇന്ത്യൻ ടീമിന്റെ വെള്ളി നേട്ടം. 1773 പോയന്റോടെ ഗെയിംസ് റെക്കോർഡ് കുറിച്ച് ചൈന സ്വർണവും 1754 സ്‌കോറോടെ കസാഖിസ്താൻ വെങ്കലവും നേടി. ലോക റാങ്കിങ്ങിൽ 107-ാം സ്ഥാനത്തുള്ള തിലോത്തമ സെൻ 590 പോയന്റ് നേടി എട്ടു പേർ പങ്കെടുക്കുന്ന വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി.

ലോക 15-ാം നമ്പർ താരമായ വിദർശ വിനോദ് 588 സ്‌കോറോടെ ആറാം സ്ഥാനത്തെത്തി വ്യക്തിഗത ഫൈനലിൽ ഇടംപിടിച്ചു. ലോക 18-ാം നമ്പർ താരമായ ആഷി ചൗക്‌സി 585 പോയന്റ് നേടി ഫൈനൽ റൗണ്ട് യോഗ്യത ലഭിക്കാതെ പുറത്തായി.

വിദർശയുടെ രണ്ടാം വെള്ളി

20-ാം ഏഷ്യൻ ഗെയിംസിൽ വിദർശയുടെ രണ്ടാം മെഡൽ നേട്ടമാണിത്. നേരത്തേ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ എളവേണിൽ വാളറിവനും സോനം മസ്‌കറിനുമൊപ്പം വെള്ളി മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗമായിരുന്നു വിദർശ.

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ തമ്പലമണ്ണയിലാണ് വിദർശ ജനിച്ചു വളർന്നത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്‌കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം. 2018-ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ബിരുദ പഠന കാലത്ത് എൻ.സി.സിയിലെ ഉദ്യോഗസ്ഥരാണ് വിദർശയിലെ 'ഷൂട്ടറെ' കണ്ടെത്തുന്നത്. കോഴിക്കോട് റൈഫിൾ ക്ലബ്ബിൽ അംഗത്വമെടുത്ത് പരിശീലനമാരംഭിച്ച വിദർശ, മികച്ച പരിശീലനത്തിനായി തിരുവനന്തപുരത്തും പിന്നീട് ഡൽഹിയിലുമെത്തി. ഹരിയാണ സ്വദേശി മനോജിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.

Content Highlights: India won silver in the women's 50m rifle 3 positions team event at the 20th Asian Games with 1763 points., The medal-winning team consisted of Tilottama Sen, Vidarsha Vinod, and Ashi Chouksey., China secured the gold with a games record of 1773 points, while Kazakhstan took bronze., This marks Vidarsha Vinod's second silver medal at the 20th Asian Games.