അമ്പെയ്ത്തിൽ ഇരട്ടി മധുരം; മിക്‌സഡ് ടീമിനും സ്വർണം, ഒളിമ്പിക് ബെർത്തുറപ്പിച്ചു

ഒകാസാക്കി: 2026 ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിന്റെ തിളക്കം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന മിക്‌സ്ഡ് കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ സ്വർണമണിഞ്ഞു. ഒകാസാക്കി ചുഓ സോഗോ പാർക്ക് മൾട്ടിപർപ്പസ് സ്‌ക്വയറിൽ നടന്ന മിക്‌സ്ഡ് ഫൈനലിൽ ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടിൽ കീഴടക്കിയ ഇന്ത്യ, 2028 ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സ് യോഗ്യതയും ഉറപ്പാക്കി.
ചികിത തനിപർത്തി - സഹിൽ യാദവ് എന്നിവരടങ്ങിയ ഇന്ത്യൻ മിക്‌സ്ഡ് കമ്പൗണ്ട് ടീം ദക്ഷിണ കൊറിയയുടെ പാർക്ക് ജങ് യൂൺ - ചോയ് യോങ് ഹി സഖ്യത്തെയാണ് നാടകീയ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. മത്സരം 157-157 എന്ന നിലയിൽ സമനിലയിലായതോടെയാണ് വിജയികളെ തീരുമാനിക്കാൻ ഷൂട്ട് ഓഫ് വേണ്ടിവന്നത്.
ആദ്യ രണ്ട് സെറ്റുകൾ 40-39, 40-39 എന്ന സ്‌കോറിന് സ്വന്തമാക്കിയ ഇന്ത്യ 80-78 എന്ന സ്‌കോറിന് മുന്നിലെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത സെറ്റുകൾ 39-38, 40-39 എന്ന കണക്കിന് നേടി കൊറിയ ഒപ്പമെത്തുകയും (157-157) വിജയികളെ നിർണയിക്കാൻ ഷൂട്ട് ഓഫ് വേണ്ടിവരികയുമായിരുന്നു.
ഷൂട്ട് ഓഫിൽ ഇന്ത്യൻ താരങ്ങളായ ചികിതയും സാഹിലും ബുൾസ്‌ഐ തകർത്ത് 10 പോയിന്റുകൾ വീതം നേടി. കൊറിയൻ താരത്തിന്റെ ആദ്യ ശ്രമം 9 പോയിന്റിൽ ഒതുങ്ങിയതോടെ ഇന്ത്യ സ്വർണം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ നടന്ന വനിതാ കോമ്പൗണ്ട് ഫൈനലിൽ ചികിത തനിപർത്തി**, ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ചൈനയെ 238-234 എന്ന സ്‌കോറിന് കീഴടക്കിയാണ് സ്വർണം നിലനിർത്തിയത്.
238 പോയിന്റ് നേടി വിജയിച്ച ഇന്ത്യൻ ടീം, 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയ സ്ഥാപിച്ച ലോക റെക്കോഡിനൊപ്പമെത്തി.
Content Highlights: India wins mixed compound archery gold at the 2026 Asian Games., Defeated South Korea in a dramatic shoot-off after a 157-157 tie., Secured qualification for the 2028 Los Angeles Olympics., Chikita Taniparthi and Sahil Yadav starred in the final.