ലോക ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക എങ്ങനെ ചെലവഴിക്കാനാണ് പദ്ധതി? വെളിപ്പെടുത്തി ഗുകേഷ്

Photo: ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് | twitter.com/FIDE_chess
Photo: ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് | twitter.com/FIDE_chess

ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോക ചാമ്പ്യനായതിന്റെ നിര്‍വൃതിയിലാണ് ഡി. ഗുകേഷ്. ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷിന്റെ വിജയം. ഇതോടെ ചാമ്പ്യന്‍ഷിപ്പ് തുകയായ 11.45 കോടി രൂപ പതിനെട്ടുകാരന്റെ കൈയിലെത്തി. ചെസ് ലോകത്തിന്റെ നെറുകെയിലേക്കുള്ള വഴിയില്‍ ഗുകേഷിന് പിന്തുണയായത് സ്വന്തം മാതാപിതാക്കള്‍ തന്നെ. മകന്റെ കളിയോടുള്ള അഭിനിവേശം വളര്‍ത്തിയെടുക്കാന്‍ അവര്‍ അപാരമായ ത്യാഗങ്ങള്‍ സഹിച്ചു. 

ചെസ്സ് ഒരു ചെലവേറിയ കായികവിനോദമാണ്. അതിനാല്‍ത്തന്നെ മകന്റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരാന്‍ ആ രക്ഷിതാക്കള്‍ തങ്ങളുടേതായുള്ളതെല്ലാം അവനുവേണ്ടി സമര്‍പ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ മാതാപിതാക്കളുടെ സുഹൃത്തുക്കളും തുണയായി. അവരുടെകൂടി ഔദാര്യത്തിലാണ് ഗുകേഷ് വലിയ ചെസ് താരമായത്. 

രക്ഷിതാക്കള്‍ തനിക്കായി വലിയ ത്യാഗം ചെയ്‌തെന്നും അവരുടെ ആഗ്രഹങ്ങള്‍ മാറ്റിവെച്ചെന്നും ഗുകേഷ് വ്യക്തമാക്കി. സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ അവരുടെ സുഹൃത്തുക്കളും സഹപാഠികളുമൊക്കെച്ചേര്‍ന്നാണ് തനിക്ക് സഹായം നല്‍കിയത്. ഇപ്പോള്‍ ഈ സാമ്പത്തിക സ്ഥിരത കൈവരുമ്പോള്‍ അവരെയും അവരോടും അവരുടെ സുഹൃത്തുക്കളോടും വലിയ കടപ്പാടുണ്ടെന്നും ഗുകേഷ് പറഞ്ഞു. 

ഗുകേഷില്‍ ശ്രദ്ധ ചെലുത്തുന്നതിനായി ഇ.എന്‍.ടി. സര്‍ജന്‍ എന്ന ലാഭകരമായ കരിയര്‍ ഉപേക്ഷിച്ച വ്യക്തിയാണ് അച്ഛന്‍ രജിനികാന്ത്. മൈക്രോബയോളജിസ്റ്റായ അമ്മ രത്‌നകുമാരിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. മാതാപിതാക്കള്‍ക്ക് സമാധാനം കിട്ടിയെന്നതാണ് മുഖ്യം, പണത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടില്ലെന്ന് ഗുകേഷ് പറഞ്ഞു. പണം സ്വയം മെച്ചപ്പെടുത്തുന്നതിനും പൂര്‍ണമായ കഴിവില്‍ എത്തിച്ചേരുന്നതിനും വേണ്ടി വിനിയോഗിക്കുമെന്ന് ഗുകേഷ് പറഞ്ഞു.

Content Highlights: gukesh reveals how he plans to spend world championship prize