പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ മറന്നു; ബോക്സിങ് താരത്തിന് അണ്ടർ-19 ലോക ചാമ്പ്യൻഷിപ്പ് അവസരം നഷ്ടം

ലണ്ടൻ: ഇംഗ്ലണ്ട് ബോക്സിങ് അധികൃതരുടെ വീഴ്ചയെ തുടർന്ന് 18-കാരനായ ഇംഗ്ലീഷ് താരത്തിന് നഷ്ടമായത് മോണ്ടെനെഗ്രോയിലെ ബുദ്വയിൽ നടക്കാനിരിക്കുന്ന അണ്ടർ-19 ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരം. എസ്സെക്സിൽ നിന്നുള്ള ജോർജ്ജ് ഫ്രാൻസിസ് എന്ന യുവ ബോക്സർക്കാണ് അധികൃതരുടെ അനാസ്ഥമൂലം കരിയറിലെ പ്രധാനപ്പെട്ട ഒരു അവസരം നഷ്ടമായത്.
ജോർജ്ജ് ഫ്രാൻസിസ് പുരുഷനാണെന്ന് തെളിയിക്കുന്നതിനുള്ള നിർബന്ധിത ലിംഗ നിർണയ പരിശോധന സംഘടിപ്പിക്കാൻ ടീം അധികൃതർ മറന്നുപോയതാണ് ചാമ്പ്യൻഷിപ്പ് വിലക്കിന് കാരണമായത്. 60 കിലോഗ്രാം വിഭാഗത്തിലാണ് ഫ്രാൻസിസ് മത്സരിക്കേണ്ടിയിരുന്നത്.
നറുക്കെടുപ്പിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അയോഗ്യനാക്കപ്പെട്ട വിവരം ഫ്രാൻസിസിനെ അറിയിച്ചത്. യാത്രതിരിക്കുന്നതിന് നാല് ദിവസം മുമ്പാണ് തനിക്ക് 18 വയസ് തികഞ്ഞതെന്നും, കൃത്യസമയത്ത് രക്തസാമ്പിൾ നൽകുന്നതിൽ ഇംഗ്ലണ്ട് ബോക്സിങ് വീഴ്ച വരുത്തിയെന്നും ഫ്രാൻസിസ് കുറ്റപ്പെടുത്തി. മറ്റെല്ലാ താരങ്ങൾക്കും രക്തസാമ്പിൾ നൽകാൻ കഴിഞ്ഞപ്പോൾ തന്റെ പേര് സിസ്റ്റത്തിൽ ഉൾപ്പെട്ടിരുന്നില്ലെന്നും ബുദ്വയിൽ പരിശോധന നടത്താൻ യോഗ്യരായ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.
ദേശീയ ജൂനിയർ ചാമ്പ്യനായ ഫ്രാൻസിസ്, ആദ്യമായി ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ വാർത്ത തന്നെയേറെ തകർത്തുകളഞ്ഞുവെന്നും ജീവിതത്തിലെ ഏറ്റവും മോശം സംഭവമായിരുന്നു ഇതെന്നും താരം പ്രതികരിച്ചു. ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസരം നഷ്ടമായതോടെ അമച്വർ ബോക്സിങ് ഉപേക്ഷിച്ച് പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് മാറാനാണ് ഫ്രാൻസിസിന്റെ തീരുമാനം.
സംഭവത്തിൽ ഭരണപരമായ വീഴ്ച സംഭവിച്ചതായി ഇംഗ്ലണ്ട് ബോക്സിങ് സമ്മതിച്ചു. താരങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഭരണസമിതി തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും പിതാവിനെ മാത്രമാണ് ബന്ധപ്പെട്ടതെന്നും ഫ്രാൻസിസ് വ്യക്തമാക്കി.
Content Highlights: 18-year-old English boxer George Francis missed the Under-19 World Championships in Budva, Montenegro., England Boxing failed to arrange the mandatory gender verification blood test for the athlete., Francis was disqualified hours before the draw, leading him to consider moving to professional boxing., England Boxing admitted to administrative failures and promised to prevent future occurrences.