മരണ മുഖത്ത്നിന്ന് ഡാമിയൻ മാർട്ടിൻ തിരിച്ചെത്തി, മെനിഞ്ചൈറ്റിസിനെ പൊരുതിത്തോൽപ്പിച്ച് താരം

#സ്പോർട്സ് ഡെസ്ക്ക്
ഡാമിയൻ മാർട്ടിൻ | എഎഫ്പി
ഡാമിയൻ മാർട്ടിൻ | എഎഫ്പി

മെൽബൺ: മുൻ ഓസ്‌ട്രേലിയൻ ബാറ്റിംഗ് ഇതിഹാസം ഡാമിയൻ മാർട്ടിൻ മരണത്തെ മുഖാമുഖം കണ്ട നാളുകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി. മെനിഞ്ചൈറ്റിസ്(മസ്തിഷ്‌കജ്വരം) ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന താരം തന്റെ പോരാട്ടവീര്യംകൊണ്ട് രോഗത്തെ കീഴടക്കിയ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഡോക്ടർമാർക്ക് പോലും വിശ്വസിക്കാനാവാത്ത വിധം ജീവിതത്തിലേക്ക് തിരിച്ചുവന്നെന്നും കൂടെനിന്നവർക്കെല്ലാം നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പാരാമെഡിക്‌സ് സംഘത്തിനും മാർട്ടിൻ നന്ദി അറിയിച്ചു. ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് ഈ അനുഭവം തന്നെ ഓർമിപ്പിച്ചുവെന്നും 2026-ലേക്ക് ശക്തമായി തിരിച്ചുവരികയാണെന്നും അദ്ദേഹം കുറിച്ചു. ജീവിതം എത്ര ദുർബലമാണെന്നും എല്ലാം എത്രവേഗത്തിലാണ് മാറുന്നതെന്നും തിരിച്ചറിയാൻ ഈ അനുഭവം തന്നെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബർ 27-നാണ് മാർട്ടിന് രോഗബാധയുണ്ടായ വിവരം പുറത്ത് വരുന്നത്. രോഗം തലച്ചോറിനെ ബാധിച്ചതോടെ എട്ടുദിവസത്തോളം മാർട്ടിൻ കോമയിലായി. 50 ശതമാനമാണ് ഡോക്ടർമാർ അതിജീവന സാധ്യത പറഞ്ഞിരുന്നത്. കോമയിൽനിന്ന് ഉണർന്നതോടെ സംസാരിക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ നാലുദിവസത്തിനകം സംസാരശേഷിയും നടക്കാനുള്ള കഴിവും വീണ്ടെടുത്തു.