ഡാക്കാർ റാലിയിൽ ഇന്ത്യക്ക് അഭിമാനം; ബൈക്ക് ക്ലാസ് മത്സരത്തില്‍ മലയാളി ഹാരിത് നോവയ്ക്ക് ഒന്നാം സ്ഥാനം

പാലക്കാട്: അതികഠിനമായ ഓഫ് റോഡ് റേസിങ് മത്സരമായ ഡാക്കാര്‍ റാലിയില്‍ ചരിത്രംതീര്‍ത്ത് മലയാളി താരം ഹാരിത് നോവ. സൗദി അറേബ്യന്‍ മരുഭൂമിയില്‍ നടന്ന മത്സരത്തില്‍ ബൈക്ക് റാലി 2 വിഭാഗത്തില്‍ ഹാരിത് നോവ ഒന്നാംസ്ഥാനം നേടി. ഡാക്കാര്‍ റാലിയില്‍ ഒരിന്ത്യക്കാരന്‍ ഇതാദ്യമായാണ് ചാമ്പ്യനാകുന്നത്. ഓവറോള്‍ ബൈക്ക് റേസ് വിഭാഗത്തില്‍ (റാലി ജി.പി. + റാലി ക്ലാസ് 2) 11-ാം സ്ഥാനം നേടാനും ഹാരിത്തിനായി. ഇതും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച നേട്ടമാണ്.
ടി.വി.എസ്. ഷെര്‍ക്കോയുടെ റൈഡറായ ഹാരിത്, മുന്‍പും ഡാക്കര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ചാമ്പ്യന്‍ഷിപ്പ് നേടുന്നത് ആദ്യമാണ്. മരുഭൂമി വഴി രണ്ടാഴ്ച നീണ്ട കടുത്ത മത്സരത്തിനൊടുവിലാണ് ഹാരിതിന്റെ വിജയം. റാലി ടു വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടിയ റൊമേന്‍ ഡുമോന്റിയറിനെക്കാളേറെ നാലു മിനിറ്റ് മുന്‍പേതന്നെ ഫിനിഷ് ചെയ്താണ് ഹാരിത് ചാമ്പ്യനായത്. ഓവറോള്‍ വിഭാഗത്തില്‍ വെറും ആറു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ആദ്യ പത്തില്‍ ഇടംപിടിക്കാനുള്ള അവസരം നഷ്ടമായത്.
നോവയുടെ അഞ്ചാമത്തെ ഡാക്കര്‍ റാലിയാണിത്. 12 ഘട്ടങ്ങള്‍ നിറഞ്ഞ മത്സരമാണിത്. ആദ്യത്തെ ആഴ്ചയില്‍ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടെങ്കിലും നിശ്ചയദാര്‍ഢ്യം കൈവിടാതെ ഹാരിത് യാത്ര തുടര്‍ന്നു. തുടര്‍ന്ന് രണ്ടാം വാരം അവസാനിച്ചപ്പോഴേക്ക് ഹാരിത് ബഹുദൂരം മുന്നേറി ആദ്യസ്ഥാനത്തെത്തി. ഇതിനു മുന്‍പ് മത്സരിച്ച ഡാക്കര്‍ റാലികളില്‍ 20-ാം സ്ഥാനത്തെത്തിയതാണ് ഹാരിതിന്റെ ഏറ്റവും മികച്ച പ്രകടനം. ഒരു ഇന്ത്യക്കാരന്റെ പേരില്‍ ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കും ഇതുതന്നെയായിരുന്നു. സ്വന്തം റെക്കോഡുതന്നെ തിരുത്തിയാണ് ഹാരിത് നോവയുടെ മുന്നേറ്റം.
അതേസമയം, ബൈക്ക് റാലി വിഭാഗത്തില്‍ ഇന്ത്യയുടെ ഹീറോ മോട്ടോര്‍ സ്‌പോര്‍ട്‌സ് ടീം രണ്ടാംസ്ഥാനം നേടിയതും അഭിമാനമായി. ഹീറോ മോട്ടോര്‍ സ്‌പോര്‍ട്ട്‌സിനായി റൈഡര്‍ റോസ് ബ്രാഞ്ചാണ് മത്സരിച്ചിരുന്നത്. ഡാക്കാര്‍ റാലിയില്‍ പോഡിയം ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നിര്‍മാതാക്കള്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ഇതുവഴി ഹീറോക്ക് കഴിഞ്ഞു.
ക്ലാസും ഓവറോളും
റാലി ജി.പി., റാലി ക്ലാസ് 2 വിഭാഗങ്ങള്‍ പരിഗണിച്ചാണ് ഡാക്കാര്‍ റാലി റേസിങ്ങിന്റെ റാങ്കിങ് നിശ്ചയിക്കുക. റാലി ജി.പി. എന്നാല്‍, ഈ മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ചവര്‍ മാത്രം ഉള്‍പ്പെടുന്ന വിഭാഗമാണ്. മേഖലയിലെ കഴിവ് അടിസ്ഥാനപ്പെടുത്തിയുള്ള എഫ്.ഐ.എം. ചാമ്പ്യന്‍ഷിപ്പ് കമ്മിറ്റിയുടെ അനുമതി ലഭിക്കണം മത്സരിക്കാന്‍. ഈ വിഭാഗത്തിലാണ് ഹാരിതിന് 11-ാം സ്ഥാനം ലഭിച്ചത്. അതേസമയം, ഹാരിത് ചാമ്പ്യനായ ക്ലാസ് ടു വിഭാഗത്തില്‍, റാലി ജി.പി. റൈഡേഴ്‌സ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും മത്സരിക്കാനാവും.
അമ്മ ജര്‍മനിക്കാരി, അച്ഛന്‍ ഷൊര്‍ണൂര്‍ക്കാരന്‍
പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ സ്വദേശിയാണ് ഹാരിത് നോവ. അമ്മ സൂസന്ന ജര്‍മന്‍കാരിയാണ്. കേരള കലാമണ്ഡലത്തില്‍ പഠിക്കാനെത്തിയപ്പോള്‍ ഹാരിതിന്റെ അച്ഛന്‍ ഷൊര്‍ണൂര്‍ കുളപ്പുള്ളി കുന്നത്ത് കളത്തില്‍ മുഹമ്മദ് റാഫിയുമായി പരിചയപ്പെട്ടു. തുടര്‍ന്ന് ഇരുവരും വിവാഹിതരായി. ജര്‍മനിയിലാണ് ഹാരിതിന്റെ ജനനം. പിന്നീട് ഷൊര്‍ണൂരില്‍ തിരിച്ചെത്തി. നാട്ടില്‍ ഏഴാം ക്ലാസ് വരെയും തുടര്‍ന്ന് കൊടൈക്കനാലിലും പഠിച്ചു. കൊടൈക്കനാലില്‍ പഠിക്കുന്നതിനിടെയാണ് ബൈക്ക് റേസിങ് ഇഷ്ടപ്പെട്ടുതുടങ്ങിയത്. അച്ഛന്‍ റാഫി തന്നെയായിരുന്നു ഏറ്റവും വലിയ പ്രോത്സാഹനം.
2011-ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അടുത്തവര്‍ഷം ടി.വി.എസ്. ഗ്രൂപ്പില്‍ ചേര്‍ന്ന് ദേശീയ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് നേടി. 2014-ല്‍ ദേശീയ എസ്.എക്‌സ്. വണ്‍ ചാമ്പ്യന്‍, മൂന്നുതവണ ദേശീയ ചാമ്പ്യന്‍, 2018-ല്‍ ദേശീയ സൂപ്പര്‍ ക്രോസ് ചാമ്പ്യന്‍, 2021-ല്‍ ഡാക്കര്‍ റാലിയില്‍ 20-ാം സ്ഥാനം എന്നിവ നേടി. നിരവധി അന്താരാഷ്ട്ര മത്സര വിഭാഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് താരം. 2023-ല്‍ നടന്ന ഡാക്കാര്‍ റാലിക്കിടെ ഹാരിത് നോവയ്ക്ക് പരിക്കേറ്റ് റിയാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അത്ര എളുപ്പമല്ല ഡാക്കാര്‍ റാലി
ഡാക്കാര്‍ റാലി എന്നത്, ബാലികേറാമലയാണെന്നുതന്നെ പറയാം. ഗെയിം പൂര്‍ത്തിയാക്കുക എന്നതുതന്നെ വലിയ വെല്ലുവിളിയാണ്. മരുഭൂമി വഴി ഏതാണ്ട് 15,000 കിലോമീറ്ററോളം നീണ്ടുനില്‍ക്കുന്ന മത്സരമാണിത്. കല്ലും പുല്ലും മണ്‍കൂനകളും നിമ്‌നോന്നതങ്ങളായ പ്രദേശങ്ങളും നിറഞ്ഞ വഴികളിലൂടെയായിരിക്കും റേസിങ്. അതിസാഹസികതയും അങ്ങേയറ്റത്തെ മുന്‍കരുതലും ആവശ്യമായ യാത്ര. പാരിസ് ഡാക്കാര്‍ റാലി എന്ന പേരില്‍ 1978-ല്‍ പാരിസിലാണ് മത്സരം ആരംഭിച്ചത്. 2020 മുതല്‍ സൗദി അറേബ്യയില്‍വെച്ചാണ് മത്സരം നടന്നുവരുന്നത്. കാര്‍, ബൈക്ക്, ട്രക്ക് തുടങ്ങി ഏഴ് വിഭാഗം വാഹനങ്ങളാണ് മത്സരത്തിന് ഉപയോഗിക്കേണ്ടത്.
അപകടം കാരണമോ മറ്റോ ആദ്യ ഘട്ടത്തില്‍തന്നെ പലരും നിര്‍ത്തിപ്പോകും. ഏതാണ്ട് 15,000 കിലോമീറ്ററോളം നീണ്ട അതികഠിന യാത്രയാണത്. മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുകയെന്നതുതന്നെ അഭിമാനകരമാണ്. ദുര്‍ഘടമായ പാതയിലൂടെ ഒരു ദിവസം ഏതാണ്ട് 600-700 കിലോമീറ്റര്‍ വരെ യാത്ര ചെയ്യണം.
വര്‍ഷത്തിലധികം നീണ്ട മുന്നൊരുക്കം
അതികഠിനമായ മുന്നൊരുക്കംകൂടി ആവശ്യമുള്ള മത്സര വിഭാഗമാണിത്. ഒരു വര്‍ഷത്തിലധികം നീണ്ട പ്രയത്‌നം ആവശ്യമാണ്. സൈക്ലിങ് പ്രാക്ടീസിനു പുറമേ ശാരീരികമായ അദ്ധ്വാനവും വേണം. ശ്വാസം, ബോഡി എക്‌സൈസ് പ്രാക്ടീസുകളൊക്കെ ആവശ്യമാണ്. യാത്രയില്‍ നിശ്ചിത അളവ് വെള്ളം മാത്രമാണ് മത്സരാര്‍ഥികള്‍ക്ക് അനുവദിക്കുക. അതിനാല്‍ ഡീഹൈഡ്രേഷന്‍ ശീലിക്കാനുള്ള പ്രയത്‌നങ്ങളടക്കം നടത്തണം.
Content Highlights: dakar rally saudi arabia harith noah tvs sherco