താരങ്ങളുമായെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് ടീമിന്‍റെ ബസ് അടിച്ചുതകര്‍ത്ത് സൊസൈദാദ് ആരാധകര്‍

ആരാധകര്‍ അടിച്ചുതകര്‍ത്ത ബസ്‌ | Photo: twitter
ആരാധകര്‍ അടിച്ചുതകര്‍ത്ത ബസ്‌ | Photo: twitter

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ടീം ബസ്സിനു നേരെ റയല്‍ സൊസൈദാദ് ആരാധകരുടെ ആക്രമണം. സൊസൈദാദിന്റെ ഹോം ഗ്രൗണ്ടായ റിയല്‍ അരീനയില്‍ കോപ്പ ഡെല്‍ റേ മത്സരത്തിനായി എത്തിയതായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ് ടീം. 

ബസ്സിന്റെ ജനാലച്ചില്ലുകള്‍ അക്രമി സംഘം അടിച്ചുതകര്‍ത്തു. സ്‌റ്റേഡിയത്തിന് പുറത്ത് സംഘടിച്ചെത്തിയ ഹോം ടീമിന്റെ ആരാധകര്‍ പോലീസിന് ഇടപെടാനാകുന്നതിന് മുമ്പ് ബസ്സ് വളയുകയായിരുന്നു.

അത്‌ലറ്റിക്കോ പരിശീലകന്‍ ഡീഗോ സിമിയോണി ഉള്‍പ്പെടെയുള്ളവര്‍ അക്രമികളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതൊന്നും അവര്‍ ചെവിക്കൊണ്ടില്ല. സംഭത്തില്‍ അമര്‍ഷം രേഖപ്പെടുത്തി സിമിയോണി പിന്നീട് രംഗത്തെത്തി. 'പുറത്തു നടന്നത് എന്താണെന്ന് നിങ്ങള്‍ കണ്ടതാണല്ലോ. ഞങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുകയായിരുന്നു. സൊസൈദാദ് ആരാധകര്‍ എപ്പോഴും സ്‌റ്റേഡിയത്തിന് പുറത്ത് സംഘടിച്ചു നില്‍ക്കാറുള്ളതാണ്. എന്നിട്ടും ഞങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കിയില്ല', സിമിയോണി വ്യക്തമാക്കി. ഇതിനുശേഷം നടന്ന മത്സരത്തില്‍ സൊസൈദാദ് 2-0ന് വിജയിച്ചു.

Content Highlights: Atletico Madrid bus attacked by fans ahead of Copa del Rey match vs. Real Sociedad

Content Highlights: