ഏഷ്യൻ ഗെയിംസ്; മിക്സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് വെള്ളി

നാഗോയ: ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിൽ മിക്സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് വെള്ളി. പൂവമ്മ, വിശാൽ ടി.കെ. വിത്യ രാംരാജ്, മനു ടി.എസ് എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് വെള്ളി നേടിയത്. 3:14.46 ആണ് ഇന്ത്യയുടെ ഫിനിഷിങ് സമയം. ബഹ്റൈൻ സ്വർണവും വിയറ്റ്നാം വെങ്കലവും നേടി.
വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ സീമ വെങ്കലം നേടി. 32:50.05 സമയമെടുത്താണ് സീമ മൂന്നാമതായി ഫിനിഷ് ചെയ്തത്. 16 വർഷത്തിന് ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യ മെഡൽ നേടുന്നത്.
പുരുഷന്മാരുടെ 100 മീറ്ററിൽ ഇന്ത്യയുടെ രണ്ട് താരങ്ങൾ സെമിയിൽ പ്രവേശിച്ചു. അനിമേഷ് കുജൂർ, ഗുരിന്ദർവീർ സിങ് എന്നിവരാണ് സെമിയിലെത്തിയത്. അനിമേഷ് ഹീറ്റ്സിൽ മൂന്നാമതായാണ് സെമിയിലെത്തിയത്. 10.36 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. അതേസമയം ഗുരിന്ദർവീർ സിങ് 10.38 സെക്കൻഡോടെ ഹീറ്റ്സിൽ രണ്ടാമതായി സെമിയിലേക്ക് മുന്നേറി. നാളെയാണ് സെമി മത്സരങ്ങൾ.
നേരത്തേ വുഷുവിൽ വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിൽ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ചൈനയുടെ ഴാങ് ഷിയാവോയുവിനോട് 0-2 എന്ന സ്കോറിന് റോഷിബിന പരാജയപ്പെടുകയായിരുന്നു.
സെമിഫൈനലിൽ ആദ്യ രണ്ടു റൗണ്ടിൽത്തന്നെ വിജയിച്ച് റോഷിബിന ഫൈനൽ പ്രവേശം ഉറപ്പിച്ചിരുന്നു. ഏകപക്ഷീയമായിരുന്നു ജയം. ഇൻഡൊനീഷ്യയുടെ താനിയ കുകുമാനിങ്ത്യാസായിരുന്നു എതിരാളി. ആദ്യറൗണ്ടിൽ ബംഗ്ലാദേശിന്റെ ഷിഖാ ഖാത്തുനെയും ക്വാർട്ടർ ഫൈനലിൽ മകാവുവിന്റെ സിൻ ചുമാനെയും റോഷിബിനാ ദേവി തോൽപ്പിച്ചിരുന്നു.
റോയിങ്ങിൽ പുരുഷന്മാരുടെ ഡബിൾസ് സ്കൾസ് ഫൈനലിൽ സത്നം സിങ് - സൽമാൻ ഖാൻ സഖ്യം വെങ്കലം നേടി
Content Highlights: Roshibina Devi won the silver medal in the women's 60kg sanda wushu event at the Asian Games., She lost to China's Zhang Xiaoyu 0-2 in the final match., She defeated Indonesia's Thania Kusumaningtyas in the semi-finals to reach the final.