മറ്റ് സംസ്ഥാനങ്ങൾ കോടികൾ നൽകുമ്പോൾ ഇവിടെ അവഗണന; സംസ്ഥാനം വിടാൻ ആലോചിച്ച് ആൻസി സോജൻ

കൊച്ചി: ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിട്ടും സംസ്ഥാന കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നോട് നേരിട്ട് സംസാരിക്കാനോ അഭിനന്ദിക്കാനോ പോലും തയ്യാറായില്ലെന്ന് ലോങ്ജമ്പ് താരം ആൻസി സോജൻ. തമിഴ്‌നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണയും പാരിതോഷികങ്ങളും കാണുമ്പോൾ വലിയ സങ്കടം തോന്നുന്നുണ്ടെന്നും ആൻസി മാതൃഭൂമിയോട് പ്രതികരിച്ചു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം അവഗണനയെത്തുടർന്ന് കേരളം വിടാൻ ആലോചിക്കുന്നതായും താരം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കായികതാരങ്ങൾക്ക് മികച്ച പരിഗണനയും ഉയർന്ന സാമ്പത്തിക പാരിതോഷികങ്ങളും ലഭിക്കുമ്പോൾ കേരളത്തിൽ അർഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്ന് താരം ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങളിൽ റിലേ മെഡൽ നേടിയവർക്ക് പോലും കോടികളും ഉയർന്ന തുകയും പാരിതോഷികമായി ലഭിക്കുമ്പോൾ, വ്യക്തിഗത മെഡൽ നേടിയ തനിക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ വലിയ വിഷമമുണ്ടെന്ന് ആൻസി സോജൻ പറഞ്ഞു. തമിഴ്നാടും പഞ്ചാബും ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങൾ കായികമേഖലയെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുകയും മെഡൽ ജേതാക്കൾക്ക് കോടികൾ നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ, ഒളിമ്പിക്സിനായി എലൈറ്റ് അത്ലറ്റുകളെ സജ്ജരാക്കാൻ മാസം ഒരു ലക്ഷം രൂപ വീതം സ്‌റ്റൈപ്പൻഡ് നൽകുന്ന പദ്ധതികൾ തമിഴ്നാട്ടിലൊക്കെയുണ്ടെന്നും എന്നാൽ ഇത്തരം സ്‌കീമുകളൊന്നും കേരളത്തിലില്ലെന്നും ആൻസി ചൂണ്ടിക്കാണിക്കുന്നു.
ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് മടങ്ങിയെത്തിയിട്ടും നേരിട്ട് വിളിച്ച് അഭിനന്ദിക്കാൻ പോലും അധികൃതർ തയ്യാറായിരുന്നില്ല. എന്നാൽ താൻ സംസ്ഥാനം വിടാൻ ആലോചിക്കുന്നു എന്ന വിവരങ്ങൾ പുറത്തുവന്നതോടെ കായിക മന്ത്രി വിളിച്ച് സംസാരിക്കുകയും പ്രശ്‌നങ്ങൾ പരിശോധിച്ച് പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഔദ്യോഗികമായി ചടങ്ങ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ആൻസി പറഞ്ഞു.
തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കായി ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കുകയും പ്രഖ്യാപിച്ച പാരിതോഷികങ്ങൾ വിതരണം ചെയ്യുകയും ചെയ്തുകഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ പാരിതോഷിക തുക ഉയർത്തിയെങ്കിലും കേരളം ഇപ്പോഴും പഴയ നിലയിൽ തന്നെ തുടരുകയാണ്. കായിക വകുപ്പിന്റെ അനുമോദന ചടങ്ങ് ഈ മാസം 13-ന് നടക്കുമെന്ന വിവരവും അതിലേക്കുള്ള ക്ഷണവും തനിക്ക് ലഭിച്ചത് കഴിഞ്ഞ ദിവസം മാത്രമാണെന്നും ആൻസി ചൂണ്ടിക്കാട്ടി. സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ തുക എപ്പോൾ കൈമാറുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും താരം പറയുന്നു.
Content Highlights: Asian Games silver medalist Ancy Sojan expresses deep disappointment over the Kerala government's neglect., Other states like Tamil Nadu and Punjab offer crores in cash awards and monthly stipends for elite athletes., Ancy considered leaving Kerala due to lack of financial support and recognition., Kerala Sports Minister later contacted Ancy and promised to address the issues, with an official felicitation scheduled.