അഫ്ഗാനിസ്താനെതിരായ ഇന്ത്യന്‍ വിജയത്തിനുശേഷം ഗ്രൗണ്ടില്‍ താരങ്ങളുടെ കൂട്ടത്തല്ല്

Photo: PTI
Photo: PTI

കൊല്‍ക്കത്ത: എ.എഫ്.സി കപ്പ് ഫുട്‌ബോളില്‍ അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ വിജയത്തിനുശേഷം താരങ്ങള്‍ ഗ്രൗണ്ടില്‍ പോരടിച്ചു. മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വിജയം നേടിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളും അഫ്ഗാന്‍ താരങ്ങളും പരസ്പരം തല്ലുകൂടിയത്. 

പ്രശ്‌നത്തിന്റെ കാരണം വ്യക്തമല്ല. ഇന്ത്യയുടെ ആകാശ് മിശ്രയും ഒരു അഫ്ഗാന്‍ താരവും തമ്മില്‍ തുടങ്ങിവെച്ച തര്‍ക്കം പിന്നീട് വലുതാകുകയായിരുന്നു. ഉന്തിലും തള്ളിലും തുടങ്ങിയ തര്‍ക്കം പിന്നീട് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ഇരച്ചെത്തിയതോടെ വഷളാകുകയായിരുന്നു. 

അപ്പോഴേക്കും മിക്ക താരങ്ങളും ഗ്രൗണ്ടിലെത്തി. ഇതിനിടെ അഫ്ഗാന്‍ ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫ് സന്ധുവിന്റെ കരണത്തടിച്ചു. ഇത് വീഡിയോയില്‍ കൃത്യമായി കാണാനാകും. ഒടുവില്‍ കൂടുതല്‍ അധികൃതരെത്തിയശേഷമാണ് രംഗം ശാന്തമായത്. താരങ്ങള്‍ പോരടിക്കുന്നതിന്റെ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. 

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സുനില്‍ ഛേത്രിയും മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ലക്ഷ്യം കണ്ടു. സഹലിന്റെ ഇന്‍ജുറി ടൈം ഗോളാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
 

Content Highlights: india vs afghanistan, fight between india and afghanistan players, football fight, afc cup football