ലെസ്റ്റര്‍ തരംതാഴ്ത്തപ്പെട്ടതിന് പിന്നാലെ ക്ലബ്ബ് മാറി ജെയിംസ് മാഡിസണ്‍

Photo: twitter.com/SpursOfficial
Photo: twitter.com/SpursOfficial

ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം ജെയിംസ് മാഡിസണ്‍ ഇനി ടോട്ടനത്തിനുവേണ്ടി ബൂട്ടണിയും. ലെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടതോടെയാണ് താരം ക്ലബ്ബ് വിട്ടത്. 40 മില്യണ്‍ പൗണ്ടിനാണ് (ഏകദേശം 400 കോടി രൂപ) ഇംഗ്ലീഷ് താരത്തെ ടോട്ടനം സ്വന്തമാക്കിയത്. 

26 കാരനായ മാഡിസണ്‍ അഞ്ചുവര്‍ഷത്തെ കരാറിലാണ് ടോട്ടനത്തിലെത്തുന്നത്‌. കവന്‍ട്രി സിറ്റിയില്‍ കളിക്കാന്‍ ആരംഭിച്ച മാഡിസണ്‍ പിന്നീട് നോര്‍വിച്ച് സിറ്റിയ്ക്കും പന്തുതട്ടി. 2018 ലാണ് താരം ലെസ്റ്ററിലെത്തിയത്. ടീമിനൊപ്പം അഞ്ചുസീസണില്‍ കളിച്ചശേഷമാണ് മാഡിസണ്‍ ടീം വിട്ടത്. 

ലെസ്റ്ററിനായി 203 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകള്‍ നേടിയ മാഡിസണ്‍ എഫ്.എ കപ്പ് കിരീടം ടീമിനൊപ്പം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാഡിസണ് സാധിച്ചിട്ടില്ല. വെറും 10 ഗോളുകള്‍ മാത്രമാണ് മുന്നേറ്റതാരമായ മാഡിസണ് നേടാനായത്. 

ഈ സീസണില്‍ ടോട്ടനം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് മാഡിസണ്‍. നേരത്തേ വിങ്ങര്‍ ഡെയാന്‍ കുലുസേവ്‌സ്‌കിയെയും ഗോള്‍കീപ്പര്‍ ഗുഗ്ലിമോ വികാരിയോയെയും ടീം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ച കുലുസേവ്‌സ്‌കിയെ ഇത്തവണ ടോട്ടനം സ്വന്തം താരമാക്കി മാറ്റി.

Content Highlights: Tottenham Hotspur Buy James Maddison From Relegated Leicester